ഛത്തീസ്‌ഗഢിൽ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം ബാല്‍കൃഷ്ണയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഗരിയബന്ദ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കമാൻഡർ മോഡം ബാലകൃഷ്ണ എന്ന മനോജും മറ്റ് ഒമ്പത് നക്സലൈറ്റുകളും കൊല്ലപ്പെട്ടത്.
നിലവിൽ ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരുവാനാണ് സാധ്യത. നക്സൽ വിരുദ്ധ ഓപ്പറേഷനിടെ മെയിൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. റായ്പൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അമ്രേഷ് മിശ്രയാണ് വിവരങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്.
"സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ - സിആർപിഎഫിന്റെ ഒരു എലൈറ്റ് യൂണിറ്റ്), മറ്റ് സംസ്ഥാന പൊലീസ് യൂണിറ്റുകൾ എന്നിവയിലെ ഉദ്യോഗസ്ഥർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നക്സലൈറ്റുകൾക്കെതിരെ സുരക്ഷാ സേന നിരവധി ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ നാരായൺപൂർ ജില്ലയിൽ വിവിധ യൂണിറ്റുകളിലെ താഴ്ന്ന കേഡറുകളിൽ പെട്ട 16 നക്സലൈറ്റുകൾ കീഴടങ്ങിയിരുന്നു. ആശയപരമായും, ആക്രമണങ്ങളിലുമെല്ലാം നക്സലുകൾ തന്നെ പല തട്ടിലാണെന്നും, വനിതാ മാവോയിസ്റ്റുകളുടെയും മറ്റും അവസ്ഥ വളരെ മോശമാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. 2026 മാർച്ച് 31 നകം ഇടതുപക്ഷ ഭീകരത പൂർണമായും തുടച്ചു നീക്കുമെന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തേ തുടർന്നാണ് സുരക്ഷാ സേനുടെ നേതൃത്വത്തിൽ കൂടുതൽ ഓപ്പറേഷനുകൾ നടത്തുന്നത്.