

യുഎസ് ആക്രമണ ഭീഷണിയെത്തുടർന്ന് ഇറാൻ വ്യോമാതിർത്തി അടച്ചിട്ട സാഹചര്യത്തിൽ യാത്രക്കാർക്ക് ഇന്ത്യൻ എയർലൈൻസ് ജാഗ്രതാ നിർദേശം നൽകി. വ്യാഴാഴ്ചയാണ് ഇറാൻ വിശദീകരണമൊന്നും നൽകാതെ വാണിജ്യ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിടാൻ ഉത്തരവിട്ടത്. അറിയിപ്പ് ലഭിച്ചതോടെ ബദൽ റൂട്ടുകളിലൂടെയാണ് എയർ ഇന്ത്യയും, ഇൻഡിഗോ അടക്കമുള്ള വിമാനങ്ങളും സർവീസ് നടത്തുന്നത്. റീ റൂട്ടിംഗ് സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ വിമാന സർവീസുകൾ റദ്ദാക്കുമെന്നും ബദൽ റൂട്ട് സ്വീകരിക്കുമ്പോഴുണ്ടാകുന്ന കാലതാമത്തെ കുറിച്ചും എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയർ ഇന്ത്യ നിർദേശിച്ചു. യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ഇറാൻ വ്യോമാതിർത്തി പെട്ടെന്ന് അടച്ചതിനാൽ തങ്ങളുടെ ചില അന്താരാഷ്ട്ര വിമാന സർവീസുകൾ തടസ്സപ്പെട്ടതായി ഇൻഡിഗോയും അറിയിച്ചു. സാഹചര്യം വിലയിരുത്തുവാനും മികച്ച ബദൽ മാർഗങ്ങൾ കണ്ടെത്തുവാനും ശ്രമിക്കുകയാണെന്ന് ഇൻഡിഗോ വ്യക്തമാക്കി. സമാനമായ അറിയിപ്പ് സ്പൈസ് ജെറ്റും നൽകിയിട്ടുണ്ട്. ഇത് തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും യാത്രക്കാരുടെ സൌകര്യം അനുസരിച്ച് ഫ്ലെക്സിബിൾ റീബുക്കിംഗ് ഓപ്ഷനുകൾ നോക്കുന്നതിനോ റീഫണ്ട് ക്ലെയിം ചെയ്യുന്നതിനോ വൈബ്സൈറ്റ് സന്ദർശിച്ചാൽ മതിയെന്നും വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.
ജൂണിൽ ഇസ്രയേലിനെതിരായ 12 ദിവസം നീണ്ടു നിന്ന യുദ്ധത്തിലും ഇസ്രയേൽ-ഹമാസ് യുദ്ധത്തിലും ഇസ്രയേലുമായി വെടിവയ്പ്പ് നടത്തിയപ്പോഴും ഇറാൻ വ്യോമാതിർത്തി അടച്ചിരുന്നു.