റായ്‌പൂർ: വേദാന്ത പവർ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ 14 ആയി. പരിക്കേറ്റ് ചികിത്സയിലുള്ള 20 പേരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇന്നലെ ഉച്ചയോടെയാണ് ശക്തി ജില്ലയിലെ പ്ലാൻ്റിൽ അപകടമുണ്ടായത്.
പവർ പ്ലാൻ്റിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
"ഛത്തീസ്‌ഗഡിലെ ശക്തി ജില്ലയിലെ പവർ പ്ലാൻ്റിലുണ്ടായ അപകടം ദാരുണമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ട്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം വീതവും, പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും", പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പ്രഖ്യാപിച്ചു. സർക്കാർ ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും. പരിക്കേറ്റ എല്ലാവർക്കും അടിയന്തരവും സൗജന്യവുമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഒരു അശ്രദ്ധയും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
"അപകടത്തിൽ പരിക്കേറ്റ എല്ലാവരും സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായവും ചികിത്സയും ഉറപ്പാക്കുക എന്നതിനാണ് പ്രഥമ പരിഗണന. പരിക്കേറ്റവർക്ക് ഞങ്ങൾ പൂർണ പിന്തുണ നൽകും. മെഡിക്കൽ ടീമുകളുമായി ആശയവിനിമയം നടത്തുകയും, സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അപകടത്തിനിടയാക്കിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കമ്പനി പ്രസ്‌താവനയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.