
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ ലാൻസ് നായിക് പ്രീത്പാൽ സിങ്, ശിപായി ഹർമീന്ദർ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷൻ അഖൽ ശനിയാഴ്ച ഒമ്പതാം ദിവസത്തിലേക്ക് കടന്നെന്നും താഴ്‌വരയിലെ ഏറ്റവും ദൈർഘ്യമേറിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഒന്നാണിതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഓഗസ്റ്റ് ഒന്നിന് തെക്കൻ കശ്മീർ ജില്ലയിലെ അഖലിലെ വനമേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഓപ്പറേഷനിൽ ഇതുവരെ 10 സൈനീകർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ദുഷ്‌കരമായ ഭൂപ്രകൃതിയുള്ള അഖലിലെ ഓപ്പറേഷൻ വെല്ലുവിളി നിറഞ്ഞതാണ്. വനപ്രദേശത്ത് തീവ്രവാദികളെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. തീവ്രവാദികളെ ഇല്ലാതാക്കുന്നതിനുള്ള ഓപ്പറേഷനിൽ പാരാ കമാൻഡോകളും സഹായത്തിനുണ്ട്.
അഖൽ ഗ്രാമത്തിലെ താമസക്കാർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാൻ ആരംഭിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ പ്രദേശവാസികളെ സഹായിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അധികൃതർ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.