

ദിസ്പൂർ: അസമിലെ കർബി ആംഗ്ലോങ്ങിൽ ദമ്പതികളെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കത്തിച്ച കേസിൽ 20 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഭാര്യയ്ക്കും ഭർത്താവിനും മന്ത്രവാദം ഉണ്ടെന്ന് ആരോപിച്ചാണ് ജനക്കൂട്ടം അവരെ ആൾക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയത്. ഡിസംബർ 30നാണ് ബെലോഗുരി മുണ്ട വില്ലേജിൽ ഗാർഡി-മീര ബിരോവ ദമ്പതികളെ ഒരു കൂട്ടം ഗ്രാമവാസികൾ ചേർന്ന് കൊലപ്പെടുത്തുകയും പിന്നീട് കത്തിക്കുകയും ചെയ്തത്.
ഈ കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുള്ള നാല് സ്ത്രീകൾ ഉൾപ്പെടെ ആകെ 20 പേരെ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ശനിയാഴ്ച അറിയിച്ചു. ഹൗരാഗട്ടിൽ മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാലു സ്ത്രീകൾ ഉൾപ്പെടെ 20 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
"വിശദമായ അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണ്. സമഗ്രവും ഗുണനിലവാരമുള്ളതുമായ അന്വേഷണം നടത്തുന്നതിനും സമയബന്ധിതമായി നീതി നടപ്പാക്കുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്," കർബി ആംഗ്ലോംഗ് പൊലീസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മന്ത്രവാദ വേട്ടയെന്ന പേരിൽ അസമിൽ നടക്കുന്ന ആൾക്കൂട്ട കൊലകളെ അംഗീകരിക്കാനാകില്ലെന്നും തടയുമെന്നും അസം ലോ ആൻഡ് ഓർഡർ ഐജി അഖിലേഷ് സിങ് പറഞ്ഞു. "മന്ത്രവാദികൾ എന്ന് വിളിച്ച് ആളുകളെ ആക്രമിക്കുന്നതും പീഡിപ്പിക്കുന്നതും സമൂഹത്തിൽ ഒരു തരത്തിലും അനുവദിക്കാനാവില്ല. ഈ കേസ് ശാസ്ത്രീയമായി അന്വേഷിക്കും. ഏതാനും മാസങ്ങൾക്ക് മുമ്പ് ശിവസാഗറിലെ ഒരു മന്ത്രവാദ വേട്ട കേസിലും പ്രതികൾ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. സമാനമായി ഈ കേസിലും ഞങ്ങൾ നീതി ഉറപ്പാക്കും," ഐജി അഖിലേഷ് സിങ് പറഞ്ഞു.