

ന്യൂഡല്‍ഹി: വിമാനയാത്രയില്‍ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഇന്ത്യ. മൊബൈല്‍ ഫോണും ടാബ്‌ലെറ്റുമടക്കം ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും ഇനി മുതല്‍ പവര്‍ ബാങ്ക് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനാകില്ലെന്ന സുരക്ഷാ നിര്‍ദേശം ഡിജിസിഎ പുറപ്പെടുവിച്ചു.
വിമാനത്തിനുള്ളിലെ പ്ലഗിങ് പോര്‍ട്ടുകളില്‍ പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതും അനുവദനീയമല്ല. വിമാനം പറന്നുയര്‍ന്നാല്‍ പവര്‍ബാങ്ക് അടക്കമുള്ളവയിലെ ലിഥിയം ബാറ്ററികള്‍ തീപിടിത്തത്തിന് കാരണമാകുന്നതിനാലാണ് നടപടി.
പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗിലല്ലാതെ ലഗേജില്‍ സൂക്ഷിക്കുന്നതിനും ഇനി മുതല്‍ അനുമതിയുണ്ടാകില്ല. ലോകത്തിലെ പ്രധാന എയര്‍ലൈനുകളില്‍ പലതും നേരത്തെ തന്നെ അപകട സാധ്യത മുന്നില്‍ കണ്ട് വിമാനത്തിലെ പവര്‍ബാങ്ക് ഉപയോഗം നിരോധിച്ചിരുന്നു.
അടുത്തിടെ ഇന്‍ഡിഗോ, എയര്‍ ബുസാന്‍ തുടങ്ങിയ വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ത്യയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ലിഥിയം ബാറ്ററികള്‍ മൂലമുണ്ടാകുന്ന തീപിടുത്തങ്ങള്‍ അതിശക്തവും നിയന്ത്രിക്കാന്‍ പ്രയാസകരവുമാണ്.
എന്തുകൊണ്ടാണ് ലിഥിയം ബാറ്ററികള്‍ അപകടകരമാകുന്നത്?
തെര്‍മല്‍ റണ്‍വേ എന്ന പ്രതിഭാസമാണ് ലിഥിയം ബാറ്ററികളെ അപകടകാരിയാക്കുന്നത്. അമിതമായി ചൂടാകുമ്പോള്‍ ഇത് തീപടരാന്‍ കാരണമാകും.
ലിഥിയം ബാറ്ററികള്‍ കത്തുമ്പോള്‍ അവയ്ക്കുള്ളിലെ കെമിക്കലുകള്‍ തന്നെ ഓക്‌സിജന്‍ പുറത്തുവിടുന്നു. അതുകൊണ്ട് പുറത്തുനിന്നുള്ള വായു തടഞ്ഞാലും തീ അണയ്ക്കാനാകില്ല.
ബാറ്ററി കത്തുമ്പോള്‍ ഹൈഡ്രജന്‍ ഫ്‌ലൂറൈഡ് പോലുള്ള മാരകമായ വിഷവാതകങ്ങള്‍ പുറത്തുവരുന്നു. ഇത് മനുഷ്യര്‍ക്ക് മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വിമാനം പോലുള്ള അടച്ചിട്ട ഇടങ്ങളില്‍ ഇത് അതീവ അപകടകരമാണ്.
ബാറ്ററി അമിതമായി ചാര്‍ജ് ചെയ്യുന്നതോ നിലത്തു വീണ് കേടുപാടുകള്‍ സംഭവിക്കുന്നതോ സ്‌ഫോടനങ്ങള്‍ക്ക് കാരണമാകും.