ശ്രീനഗർ: ജമ്മു കശ്മീരിൽ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) നിരോധനം ലംഘിച്ച നിരവധി പേർക്കെതിരെ കേസെടുത്ത് പൊലീസ്. വിപിഎൻ സേവനങ്ങളുടെ അനധികൃത ഉപയോഗത്തിനെതിരെ പൊലീസ് നടപടികൾ ശക്തമാക്കിയതിനെ തുടർന്നാണ് നടപടി. ഈ സേവനങ്ങളുടെ ദുരുപയോഗവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയും ചൂണ്ടിക്കാട്ടി, കേന്ദ്രഭരണ പ്രദേശത്തെ എല്ലാ ജില്ലകളിലും അധികാരികൾ വിപിഎൻ ഉപയോഗം പൂർണമായി നിരോധിച്ചിരുന്നു.
വിപിഎൻ ഉപയോഗിച്ചതിന് ബുഡ്ഗാം ജില്ലയിൽ പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. 11 പേർക്കെതിരെ സുരക്ഷാ നടപടികൾ സ്വീകരിച്ചു. ഉത്തരവുകൾ പാലിക്കാത്തതിന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്കെതിരെ ആണ് നടപടിയെടുത്തിരിക്കുന്നത്. വിപിഎൻ ഉപയോഗം നിരോധിച്ച ഉത്തരവുകൾ ലംഘിച്ച 24 പേരെയാണ് ഡിസംബർ 29നും ജനുവരി 2നും ഇടയിൽ പൊലീസ് കണ്ടത്തിയത്.
ഡിസംബർ 29ന് ജില്ലാ ഭരണകൂടം അനധികൃത വിപിഎൻ ഉപയോഗം നിരോധിച്ചു കൊണ്ട് പുറപ്പെടുവിച്ച നിരോധന ഉത്തരവുകളെ തുടർന്ന്, പൊലീസ് പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തിയിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 126/ 170 പ്രകാരം അവരെ കസ്റ്റഡിയിലെടുത്ത് പിന്നീട് മുന്നറിയിപ്പ് നൽകി ബോണ്ടിൽ ഒപ്പ് വാങ്ങി വിട്ടയക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.