ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരുമായി കൈകോർക്കുമെന്ന ചർച്ചകളും ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ടിവികെ പുറത്തുവിടുന്നില്ലെങ്കിലും, ദേശീയ വക്താവ് ഫെലിക്സ് ജെറാൾഡിൻ്റെ പുതിയ പ്രസ്താവന ചില സൂചനകൾ നൽകുന്നുണ്ട്. ടിവികെ കോൺഗ്രസുമായി കൈകോർക്കുമെന്ന റിപ്പോർട്ടാണ് ഫെലിക്സ് ജെറാൾഡിൻ്റെ പ്രസ്താവനയിൽ പുറത്തുവരുന്നത്.
ഡിസംബർ 25-ന് നടന്ന ടിവികെ പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തതുമുതൽ തന്നെ ഇരു പാർട്ടികളും കൈകോർക്കുന്നതിന്റെ സൂചനകൾ പ്രകടമായിരുന്നു. എന്നാൽ ഇത് ഉറപ്പിക്കുകയാണ് ഫെലിക്സ് ജെറാൾഡിൻ്റെ വാക്കുകൾ. "വർഗീയതയ്‌ക്കെതിരായ നിലപാടിന്റെയും, മതേതരത്വത്തിന്റെയും കാര്യത്തിൽ കോൺഗ്രസും ടിവികെയും സ്വാഭാവിക സഖ്യകക്ഷികളാണ്. ആ അർഥത്തിൽ, ഞങ്ങൾ എല്ലായ്പ്പോഴും പങ്കാളികളാണ്. രാഹുൽ ഗാന്ധിയും ഞങ്ങളുടെ നേതാവ് വിജയ്‌യും സുഹൃത്തുക്കളുമാണ്,"ഫെലിക്സ് ജെറാൾഡ് പറഞ്ഞു.
എന്നാൽ എല്ലാം സുഗമമല്ലെന്നും ഫെലിക്സ് ജെറാൾഡ് കൂട്ടിച്ചേർത്തു. ഒരു ധാരണയിലെത്തും മുൻപ് ചില പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. തമിഴ്നാട് കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ഫെലിക്സ് ജെറാൾഡ് കുറ്റപ്പെടുത്തി.
"കോൺഗ്രസും ടിവികെയും തമ്മിൽ സഖ്യമുണ്ടാക്കാൻ നിരവധി സാധ്യതകളുണ്ട്. എന്നാൽ നിലവിലെ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിന്റെ വ്യക്തിപരമായ താൽപ്പര്യങ്ങളോ, ഒരുപക്ഷേ ബിസിനസ്, സാമ്പത്തിക താൽപ്പര്യങ്ങളോ കാരണം ആകാം, അവർ ടിവികെയുമായി ഒരു ചർച്ച നടത്തുന്നില്ല," ടിവികെ വക്താവ് പറഞ്ഞു.
ടിവികെയും കോൺഗ്രസും കൈകോർക്കുകാണെങ്കിൽ ഇരു പാർട്ടികൾക്കും ന്യൂനപക്ഷ വോട്ടുകളും ബിജെപി വിരുദ്ധ വോട്ടുകളും ഒരുമിപ്പിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, സീറ്റ് വിഭജന കാര്യത്തിൽ ഒരു ധാരണയിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കൂടാതെ, നേതൃത്വത്തിന്റെ അധികാരശ്രേണി സംബന്ധിച്ചും നിലവിൽ വ്യക്തതയില്ല.