ഹംപി കൂട്ടബലാത്സംഗ- കൊലപാതകക്കേസ്; പ്രതികൾക്ക് വധശിക്ഷ വിധിച്ച് വിചാരണ കോടതി
കർണാടക: രാജ്യത്തെ നടുക്കിയ ഹംപി കൂട്ടബലാത്സംഗ കേസിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഹംപിയിൽ വിദേശ വനിതയടക്കം രണ്ട് സ്ത്രീകളാണ് കൂട്ടബലാത്സംഗത്തിനിരയായത്. അതിക്രമത്തിനിടെ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശിയായ ഒരു പുരുഷൻ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹംപിയിൽ, കഴിഞ്ഞ വർഷമാണ് ഇസ്രയേൽ വിനോദസഞ്ചരിയും അവർ താമസിച്ചിരുന്ന ഹോം സ്റ്റേയുടെ ഉടമയും അതിക്രൂര ബലാത്സംഗത്തിനിരയായത്.
വിനോദസഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന മൂന്ന് പുരുഷൻമാരെ അടിച്ച് കനാലിലിട്ട ശേഷമാണ് മൂന്നംഗ സംഘം സ്ത്രീകളെ പീഡനത്തിനിരയാക്കിയത്. അതിക്രമത്തിനിടയിൽ ഒഡീഷ സ്വദേശിയായ ഒരു യുവാവ് കൊല്ലപ്പെടുകയും ചെയ്തു. ഈ കേസിലാണ് പ്രതികളായ മല്ലേഷ് എന്ന ഹന്‍ഡിമല്ല, സായ്, ശരണപ്പ എന്നിവരെ ഗംഗാവതി സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
2025 മാർച്ച് 6 നായിരുന്നു സംഭവം. തുംഗഭദ്രയിലെ കനാൽ തീരത്തെ റിസോർട്ടിൽ താമസിച്ചിരുന്ന വിനോദസഞ്ചാരികള്‍. രാത്രി കനാല്‍തീരത്ത് വിശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമി സംഘം സഞ്ചാരികളോട് പെട്രോൾ ചോദിക്കുകയും 100 രൂപ ആവശ്യപ്പെടുകയും ചെയ്തു.എന്നാൽ വിനോദസഞ്ചാരികൾ പണം നൽകാൻ വിസമ്മതിച്ചു. തുടർന്ന് യുവതികളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവാക്കളെ കനാലിലേക്ക് തള്ളിയിട്ട് 27 കാരിയായ ഇസ്രായേലി യുവതിയെയും ഹോം സ്റ്റേ ഉടമയായ 29 കാരിയേയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
കനാലിലേക്ക് തള്ളിയിട്ട രണ്ട് പുരുഷന്മാർ നീന്തി രക്ഷപ്പെട്ടു, അതേസമയം ഒഡീഷയിൽ നിന്നുള്ള വിനോദസഞ്ചാരി കനാലിൽ മുങ്ങിമരിച്ചു. രണ്ടു ദിവസത്തിനുശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഈ മാസം ഒമ്പ തിന് പ്രതികള്‍ കുറ്റക്കാരാണെന്ന് ഗംഗാവതി സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ നൽകുകയാണെന്നും ഗംഗാവതി കോടതിയുടെ വിധിയിൽ പറയുന്നു.
