ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ്
ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ്Source: ANI

രാജ്യത്ത് ഒരു വർഷത്തിനിടെ കൊല്ലപ്പെട്ടത് 357 മാവോയിസ്റ്റുകൾ; ദണ്ഡകാരണ്യത്തില്‍ നക്സൽ ​ഗ്രൂപ്പുകൾക്ക് ശക്തമായ തിരിച്ചടി

22 പേജുള്ള സംഘടനാ റിപ്പോർട്ട് പൊലീസിന് ലഭിച്ചെന്നും ബസ്തർ ഐജി വെളിപ്പെടുത്തി
Published on

ഛത്തീസ്ഗഢ്: അഖിലേന്ത്യാ നേതാക്കളടക്കം 357 മാവോയിസ്റ്റുകൾ ഒരു വർഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടുവെന്ന് പൊലീസ്. നക്സൽ സംഘടനയായ സിപിഐ മാവോയിസ്റ്റ് ഇക്കാര്യം തുറന്നു സമ്മതിച്ചെന്നും ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ്. 22 പേജുള്ള സംഘടനാ റിപ്പോർട്ട് പൊലീസിന് ലഭിച്ചെന്നും ബസ്തർ ഐജി വെളിപ്പെടുത്തി.

രാജ്യത്തുടനീളം സുരക്ഷാ സൈനികർ നടത്തിയ മാവോയിസ്റ്റ് വേട്ടയിൽ മുതിർന്ന നേതാക്കളടക്കം 357 കേഡർമാരെ നഷ്ടമായെന്ന് ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ് പറഞ്ഞു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബസവരാജ് എന്ന നമ്പല കേശവറാവുവിന്റെ വധം അടക്കം മാവോയിസ്റ്റ് ഗ്രൂപ്പുകൾക്ക് കനത്ത നഷ്ടം സൃഷ്ടിച്ച കാര്യം സംഘടന തന്നെ സമ്മതിച്ചെന്നും ഐജി പറഞ്ഞു. പൊലീസിന് ലഭിച്ച 22 പേജുള്ള സിപിഐ മാവോയിസ്റ്റ് സംഘടനാ റിപ്പോർട്ടിലെ വിവരങ്ങളും ഐജി മാധ്യമങ്ങളോട് പങ്കുവെച്ചു.

ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ്
യോഗിയുടെ ഭരണത്തില്‍ 238 എൻകൗണ്ടർ കൊലകള്‍ ; കണക്കുകള്‍ പുറത്ത്

നാരായൺപുരിൽ വെച്ച് മെയ് 21നാണ് ബസവരാജ് കൊല്ലപ്പെട്ടത്. സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറിക്ക് പുറമേ മൂന്ന് കേന്ദ്ര കമ്മിറ്റിയം​ഗങ്ങൾ, 15 സംസ്ഥാന കമ്മിറ്റി നേതാക്കൾ, 23 ജില്ലാ കമ്മിറ്റിയം​ഗങ്ങൾ, 83 ഏരിയ കമ്മിറ്റിയം​ഗങ്ങൾ എന്നിവരും കൊല്ലപ്പെട്ടു. ഇതിൽ 136 പേർ വനിതാ കേഡർമാരാണ്. ഗറില്ലാ പോരാട്ട തന്ത്രങ്ങളിലെ പിഴവ് സ്വയം തുറന്നു സമ്മതിക്കുന്നതാണ് നക്സൽ സംഘടനയുടെ റിപ്പോർട്ടെന്ന് ഐജി പറഞ്ഞു.

ദണ്ഡകാരണ്യ എന്ന് വിളിക്കപ്പെടുന്ന ബസ്തർ മുതൽ മഹാരാഷ്ട്രയിലെ ഗഢ്ചിരോളി വരെയുള്ള പഴയ റെഡ് കോറിഡോറിലാണ് നക്സൽ ​ഗ്രൂപ്പുകൾക്ക് ശക്തമായ തിരിച്ചടിയേറ്റത്. ഛത്തീസ്​ഗഢ് മേഖലയിൽ മാത്രം 281 പേരാണ് കൊല്ലപ്പെട്ടത്. തെലങ്കാനയിൽ 23ഉം ഒഡിഷയിൽ 20ഉം ബിഹാർ - ജാർഖണ്ഡ് മേഖലയിൽ 14 പേരും സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ഗഢ്ചിരോളി, മധ്യപ്രദേശ് വനമേഖല എന്നിവിടങ്ങളിൽ എട്ടും ആന്ധ്രയിൽ ഒന്‍പത് നക്സലുകളും കൊല്ലപ്പെട്ടു. ഒരാൾ കേരള-കർണാടക അതിർത്തിയിലും ഒരാൾ പഞ്ചാബിലും കൊല്ലപ്പെട്ടു. 73 സുരക്ഷ സൈനികരെ തങ്ങൾക്ക് കൊലപ്പെടുത്താൻ സാധിച്ചുവെന്ന് സിപിഐ മാവോയിസ്റ്റ് നേരത്തെ അവകാശപ്പെട്ടിരുന്നു.

2026 മാർച്ചിന് മുൻപ് രാജ്യത്തെ മാവോയിസ്റ്റുകളെ ഇല്ലാതാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ഗുണം കണ്ടെന്നാണ് ഐജിയുടെ ഭാഷ്യം. നൂറുകണക്കിന് നക്സലുകളാണ് ഇക്കാലയളവിൽ ആയുധം വെച്ച് കീഴടങ്ങിയെന്നും ഒളിപ്പോര് യുദ്ധമുറയിലുണ്ടായ പിഴവ് സംഘടനയെ ബാധിച്ചെന്ന് സിപിഐ മാവോയിസ്റ്റ് സമ്മതിച്ചെന്നും ബസ്തർ ഐജി പറഞ്ഞു.

News Malayalam 24x7
newsmalayalam.com