യുപി: യോഗി ആദിത്യനാഥ് അധികാരത്തിൽ വന്ന 2017ന് ശേഷം സംസ്ഥാനത്ത് പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത് 238 പേർ. 15,000 ത്തോളം ഏറ്റുമുട്ടലുകൾ നടന്നെന്നും 30,000 ത്തിലധികം ക്രിമിനലുകൾ അറസ്റ്റ് ചെയ്യപ്പെട്ടെന്നും സംസ്ഥാന പൊലീസ് മേധാവി. കൂടുതൽ ഏറ്റുമുട്ടലുകളുണ്ടായത് പടിഞ്ഞാറൻ യുപിയിൽ. സംസ്ഥാനത്ത് വ്യാജ ഏറ്റുമുട്ടൽ കൊലകൾ വ്യാപകമാണെന്ന വിമർശനങ്ങൾക്കിടെയാണ് സർക്കാർ തന്നെ കണക്ക് പുറത്തുവിട്ടത്.
യോഗി ആദിത്യനാഥ് വ്യാജ ഏറ്റുമുട്ടൽ കൊലകൾ നടത്തുകയാണെന്ന പ്രതിപക്ഷത്തിന്റേയും മനുഷ്യാവകാശ സംഘടനകളുടേയും വിമർശനം നിലനിൽക്കെയാണ് സർക്കാർ ഡാറ്റ, സംസ്ഥാന പൊലീസ് മേധാവി പുറത്തു വിട്ടത്. എട്ട് വർഷത്തിനുള്ളിൽ 238പേർ കൊല്ലപ്പെട്ട 14,973 പൊലീസ് ഏറ്റുമുട്ടലുകൾ സംസ്ഥാനത്ത് നടന്നെന്ന് ഡിജിപി രാജീവ് കൃഷ്ണ പറഞ്ഞു. 9,467 പേരെ പൊലീസ് കാലിൽ വെടിവെച്ചിട്ടു. 30,694 പേരെ ഗുണ്ടാനിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തതായും പൊലീസ് മേധാവി അറിയിച്ചു.
യുപിയിലെ ക്രമസമാധാനപ്രശ്നം അമർച്ച ചെയ്യാൻ മുൻ കാലങ്ങളില്ലാത്ത വിധം സാധിച്ചെന്ന് ഡിജിപി പറഞ്ഞു. ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ നടന്നത് പടിഞ്ഞാറൻ യുപിയിലാണ്. പ്രത്യേകിച്ച് മീററ്റിൽ. മീററ്റ് മേഖലയിൽ അറസ്റ്റ് ചെയ്യപ്പെട്ടത് 7,969 പേരാണ്. ഇവിടെ പൊലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റവരുടെ എണ്ണം 2,911 ആണ്. ആഗ്രയിൽ 5,529 പേരും ബറേലിയിൽ 4,383 പേരും അറസ്റ്റ് ചെയ്യപ്പെട്ടു. ഇവിടെ യഥാക്രമം 741 പേർക്കും 921 പേർക്കും പരിക്കേറ്റു.
വാരാണസി ഉൾപ്പെടുന്ന കിഴക്കൻ യുപിയിൽ 2,029 ക്രിമിനലുകളെ അറസ്റ്റ് ചെയ്തെന്നാണ് പൊലീസ് കണക്ക്. 620 പേർക്ക് പൊലീസ് നടപടികളിൽ പരിക്കേറ്റു. പടിഞ്ഞാറൻ യുപിയിലെ ഗൗതം ബുദ്ധ് നഗർ മേഖലയാണ് ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് - 1989 പേർ. ഇവിടെ പൊലീസ് വെടിവെപ്പിലടക്കം പരിക്കേറ്റവരുടെ എണ്ണം 1180 ആണെന്ന് കണക്ക് വ്യക്തമാക്കുന്നു.
എന്നാൽ, കൊല്ലപ്പെട്ടവരുടേയും അറസ്റ്റിലായവരുടേയും ജാതിയും മതവും അന്വേഷിച്ചാൽ നടത്തിയ കൊലകളുടെ അജണ്ട വ്യക്തമാകുമെന്നാണ് സമാജ് വാദി പാർട്ടിയുടെ വിമർശനം. കൂടുതൽ ഏറ്റുമുട്ടൽ കൊലകളുണ്ടായത് മുസ്ലീം ഭൂരിപക്ഷ മേഖലകളിലാണ്. പടിഞ്ഞാറൻ യുപിയും മീററ്റുമാണ് ഉദാഹരണമെന്നും പ്രതിപക്ഷം വിമർശിച്ചു. ബിഎസ്പിയും കോൺഗ്രസും യോഗി സർക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ക്രിമിനൽ കേസ് പ്രതികളുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ വെച്ച് പൊളിക്കുന്ന യുപി സർക്കാർ നടപടി നേരത്തെ വിവാദമായിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ട് ഇത് നിർത്തിവെപ്പിക്കുകയായിരുന്നു.