ന്യൂഡല്‍ഹി: 79ാം സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ ധീരതാ പുരസ്കാരങ്ങളും വിശിഷ്ട സേവന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. സായുധ സേനകൾക്കും കേന്ദ്ര സായുധ പൊലീസ് സേനകൾക്കുമായി 127 ധീരതാ പുരസ്കാരങ്ങളും 40 വിശിഷ്ട സേവന പുരസ്കാരങ്ങള്‍ക്കുമാണ് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്‍കിയത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ 36 വ്യോമ സേനാ സൈനികർക്കാണ് ധീരതയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മുരിദ്കെയിലെയും ബഹാവൽപൂരിലെയും ഭീകരവാദ കേന്ദ്രങ്ങള്‍ തകർത്ത ഫൈറ്റർ പൈലറ്റുമാർ ഉള്‍പ്പെടെ ഒന്‍പത് വ്യോമ സേനാ ഉദ്യോഗസ്ഥർക്കാണ് യുദ്ധകാലത്തെ മൂന്നാമത്തെ ഉയർന്ന ധീരതാ മെഡലായ വീർ ചക്ര ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ ആർ.എസ്. സിദ്ധു, മനീഷ് അറോറ, അനിമേഷ് പട്‌നി, കുനാൽ കൽറ , വിങ് കമാൻഡർ ജോയ് ചന്ദ്ര, സ്ക്വാഡ്രൺ ലീഡർമാരായ സാർത്തക് കുമാർ, സിദ്ധാന്ത് സിങ്, റിസ്വാൻ മാലിക്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് എ.എസ്. താക്കൂർ എന്നിവരെ വീർ ചക്ര നല്‍കി രാജ്യം ആദരിക്കും.
നാല് കീർത്തി ചക്ര, 15 വീർചക്ര, 16 ശൗര്യ ചക്ര, രണ്ട് ബാർ ടു സേന മെഡലുകൾ (ധീരത), 58 സേനാ മെഡലുകൾ (ധീരത); 06 നവോ സേനാ മെഡലുകൾ (ധീരത), 26 വായു സേനാ മെഡലുകൾ (ധീരത), ഏഴ് സർവോത്തം യുദ്ധ സേവാ മെഡലുകൾ, ഒന്‍പത് ഉത്തം യുദ്ധ സേവാ മെഡലുകൾ, 24 യുദ്ധ സേവാ മെഡലുകൾ എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
290 മെൻഷൻ-ഇൻ-ഡെസ്പാച്ചസ് പുരസ്കാരങ്ങൾക്കും രാഷ്ട്രപതി അംഗീകാരം നൽകി. 115 പേർ ഇന്ത്യൻ കരസേനയിൽ നിന്നും, അഞ്ച് പേർ ഇന്ത്യൻ നാവികസേനയിൽ നിന്നും, 167 പേർ ഇന്ത്യൻ വ്യോമസേനയിൽ നിന്നും, മൂന്ന് പേർ ബോർഡർ റോഡ് വികസന ബോർഡിൽ (BRDB) നിന്നുമാണ് ഈ പുരസ്കാരത്തിന് അർഹരായത്.