ന്യൂഡല്‍ഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കർശന നിർദേശങ്ങളുമായി സുപ്രീം കോടതി. വോട്ടർ പട്ടിക പുതുക്കിയപ്പോള്‍ നീക്കം ചെയ്തവരുടെ പേരുകള്‍ , കാരണം സഹിതം മൂന്ന് ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിലെ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് നിർണായകമായ ഉത്തരവ്.
ബിഎൽഒമാരിൽ നിന്നും ജില്ലാ ഇലക്ഷൻ ഓഫീസർമാരിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോർട്ടുകൾ ശേഖരിച്ച് സംയോജിത സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് തിരയാന്‍ സാധിക്കുന്ന വിധത്തിലാകണം.
കരട് പട്ടികയില്‍ നിന്ന് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്തണം. വോട്ടർ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് വ്യാപക പ്രചാരണം നല്‍കണം. ബിഹാറില്‍ പരമാവധി പ്രചാരമുള്ള പത്രങ്ങളിൽ അറിയിപ്പുകള്‍ നല്‍കണം. കൂടാതെ ദൂരദർശൻ, റേഡിയോ ചാനലുകള്‍ എന്നിവയിലും പട്ടിക പ്രസിദ്ധപ്പെടുത്തുന്ന വിവരം സംപ്രേഷണം ചെയ്യണം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടെങ്കിൽ, അവർ അതിലും പൊതു അറിയിപ്പുകള്‍ നല്‍കണം. പൊതു അറിയിപ്പിൽ, ആധാർ കാർഡിന്റെ പകർപ്പ് സഹിതം പരാതിക്കാർക്ക് അവരുടെ അവകാശവാദങ്ങൾ ഉന്നയിക്കാമെന്ന് വ്യക്തമായി പരാമർശിക്കണം എന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരിൽ 22 ലക്ഷം പേർ മരിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടുള്ളതായി ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. 22 ലക്ഷം പേരെ മരിച്ചതായി കണ്ടെത്തിയെങ്കില്‍ എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്തിക്കൂടായെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. മരിച്ചവർ, പ്രവാസികള്‍, ഇരട്ട വോട്ടർമാർ എന്നിവരുടെ വിവരങ്ങള്‍ പബ്ലിക് ഡൊമെയ്നില്‍ ലഭ്യമാക്കിയാല്‍ പല ആഖ്യാനങ്ങളും ഒഴിവാകുമെന്നും കോടതി അറിയിച്ചു.
2025 ലെ പട്ടികയിൽ പേര് ഉണ്ടായിരുന്ന, എന്നാല്‍ കരട് പട്ടികയിൽ ഉൾപ്പെടാത്ത 65 ലക്ഷം വോട്ടർമാരുടെ പട്ടിക ജില്ലാതല വെബ്‌സൈറ്റുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രദർശിപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം.
വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ട മരിച്ചവരെ കണ്ടെത്തി ഒഴിവാക്കാന്‍ എന്ത് സംവിധാനമാണ് ഉപയോഗിച്ചതെന്നും സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കാട്ടി ഒഴിവാക്കിയെന്ന ആക്ഷേപം ഗൗരവത്തോടെ പരിഗണിക്കണം. കുടുംബാംഗം മരിച്ചെന്ന് ബന്ധുക്കളാണ് പറയേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായത്തോടെയാണ് മരിച്ചവരെ ഒഴിവാക്കിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ യുക്തിപരമാകണം. പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാകരുത് തീവ്ര പരിഷ്‌കരണമെന്നും നിരീക്ഷിച്ച കോടതി ആശ്വാസമാകുന്ന നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി.
ലക്ഷക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കപ്പെടാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളെ ദുർബലപ്പെടുത്താനും വോട്ടർ പട്ടിക പരിഷ്കരണം കാരണമാകുമെന്ന ആശങ്കയാണ് ഹർജിക്കാർ ഉന്നയിച്ചത്. എന്നാല്‍ പരിഷ്‌കരണം അത്യാവശ്യമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. നഗര കുടിയേറ്റം, ജനസംഖ്യാപരമായ മാറ്റങ്ങൾ, നിലവിലുള്ള പട്ടികകളുടെ കൃത്യതയെക്കുറിച്ചുള്ള ദീർഘകാല ആശങ്കകൾ എന്നിവ കണക്കിലെടുത്താണ് പരിഷ്കരണം എന്നും കമ്മീഷന്‍ അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിപക്ഷ നേതാക്കളും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്, നാഷണൽ ഫെഡറേഷൻ ഫോർ ഇന്ത്യൻ വിമൻ തുടങ്ങിയ സംഘടനകളും ആണ് ഹർജിക്കാർ.