

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരർ ഡിസംബർ 6ന് ഡൽഹിയിൽ ആറ് ഇടങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് എൻഐഎ കണ്ടെത്തി. രാജ്യതലസ്ഥാനത്ത് നിർണായകമായ ആറ് സ്ഥലങ്ങളിലാണ് ഇവർ സ്ഫോടനം നടത്താൻ ഒരുങ്ങിയത്.
ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബ്‌റി മസ്ജിദ് സംഘപരിവാർ അനുകൂലികൾ ചേർന്ന് പൊളിച്ച ദിവസം. ഈ ദിവസം തന്നെയാണ് ഡൽഹിയിൽ സ്ഫോടന പരമ്പര തന്നെ തെരഞ്ഞെടുത്തതും. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രതികളാണ് "ബാബ്‌റി മസ്ജിദ് തകർത്തതിന് പ്രതികാരം ചെയ്യുക" ആയിരുന്നു ലക്ഷ്യമെന്ന് എൻഐഎ സംഘത്തിന് മൊഴി നൽകിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അഞ്ച് ഘട്ടങ്ങളുള്ള പദ്ധതിയാണ് ഭീകരർ ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിൻ്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പങ്കുവച്ചിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റിൽ ഭീകരാക്രമണങ്ങൾ നടത്താനായിരുന്നു യഥാർത്ഥ പദ്ധതി. എന്നാൽ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിട്ടതോടെ, പുതിയ തീയതി തിരഞ്ഞെടുത്തെന്നും അന്വേഷണ സംഘത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റിയതിൻ്റെ വാർഷികമായ ഡിസംബർ 6 ആണ് ഭീകര തുടർ സ്ഫോടനങ്ങൾക്കായി പിന്നീട് തെരഞ്ഞെടുത്തത്.
ഘട്ടം 1:
ജെയ്ഷെ മുഹമ്മദ്, അൻസാർ ഗസ്വത് ഉൽ ഹിന്ദ് എന്നിവയുമായി ബന്ധപ്പെട്ട ഭീകര മൊഡ്യൂളിൻ്റെ രൂപീകരണം.
ഘട്ടം 2:
ഹരിയാനയിലെ നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാക്കുന്ന ഇംപ്രൊവൈസ്ഡ് സ്‌ഫോടക വസ്തുക്കൾ (ഐഇഡി) കൂട്ടിച്ചേർക്കുന്നതിനും, വെടിമരുന്ന് ക്രമീകരിക്കുന്നതിനുമുള്ള അസംസ്‌കൃത വസ്തുക്കളുടെ സംഭരണം.
ഘട്ടം 3:
മാരകമായ കെമിക്കൽ ഐഇഡി ബോംബുകളുടെ നിർമാണവും, സ്ഫോടനം നടത്താൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങളുടെ നിരീക്ഷണവും.
ഘട്ടം 4:
രഹസ്യാന്വേഷണത്തിന് ശേഷം മൊഡ്യൂളിലെ അംഗങ്ങൾക്കിടയിൽ അസംബിൾ ചെയ്ത ബോംബുകൾ വിതരണം ചെയ്യുക.
ഘട്ടം 5:
ഡൽഹിയിലെ ആറ് മുതൽ ഏഴ് വരെ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്തുക.
ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്നലിന് സമീപം ഒരു കാർ പൊട്ടിത്തെറിച്ച് ഒൻപത് പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്ന കശ്മീരി ഡോക്ടറായ ഡോ. ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയാണ് കാർ ഓടിച്ചിരുന്നത്. ഫരീദാബാദിൽ നടന്ന റെയ്ഡുകളിൽ അമോണിയം നൈട്രേറ്റ് ആണെന്ന് കരുതുന്ന 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സ്ഫോടനം നടന്നത്.