

ഉത്തര്‍പ്രദേശ്: അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ച 60 കിലോ വെള്ളിക്കട്ടികള്‍ കാണാനില്ലെന്ന് രേഖകള്‍. ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ എസ്‌ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍.
സംഭാവനയായി ലഭിച്ച വെള്ളിക്കട്ടികള്‍ രേഖകളില്‍ കാണാനില്ലെന്നാണ് കണ്ടെത്തല്‍. ജൂവല്ലേഴ്‌സ് അസോസിയേഷന്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിനിടെ സമര്‍പ്പിച്ചതാണിത്. ക്ഷേത്ര ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് സംഭാവനകള്‍ സൂക്ഷിക്കേണ്ടത്.
കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം വെള്ളിക്കട്ടികള്‍ക്കായുള്ള അന്വേഷണത്തിലാണെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വഴിപാടുകളുടെ കൃത്യമായ വിവരങ്ങളോ ഇവയ്ക്ക് എന്ത് സംഭവിച്ചുവെന്നോ കണ്ടെത്താന്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ക്കായിട്ടില്ല.
വെള്ളിക്കട്ടികള്‍ സ്വീകരിച്ചതിനും സൂക്ഷിച്ചു വെച്ചതിനും യാതൊരു രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍, ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് സംഭാവനകള്‍ കൈമാറിയെന്നാണ് വെള്ളി ദാനം ചെയ്ത ജ്വല്ലേഴ്‌സ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. ഇതിന്റെ രസീത് കൈവശമുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു. രാജ്യത്തെ വിവിധ ജ്വല്ലറി ഗ്രൂപ്പുകളില്‍ നിന്ന് ശേഖരിച്ചാണ് ക്ഷേത്രത്തിന് വെള്ളി സംഭാവന നല്‍കിയത്.
ശിലാസ്ഥാപന ചടങ്ങുകളിലോ പിന്നീടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലോ ഈ വെള്ളിക്കട്ടികള്‍ കണ്ടിട്ടില്ലെന്നും പിന്നീട് അവ കാണാതായെന്നുംമ ജൂവല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അനുരാഗ് റസ്‌തോഗി പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നാല് പൂജാരിമാരെ എസ്‌ഐടി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാം ലല്ലയ്ക്ക് ലഭിക്കുന്ന സംഭാവനകളുടെ സൂക്ഷിപ്പുകാരനായ രാംശങ്കര്‍ യാദവ് എന്ന ടിന്നു, കൃഷ്ണദേവ് തിവാരി എന്നിവരേയും ചോദ്യം ചെയ്തിട്ടുണ്ട്.
എന്നാല്‍, വെള്ളിക്കട്ടികളെ കുറിച്ചോ, നേരത്തേ കാണാതായ നെക്ലേസിനെ കുറിച്ചോ മെതിയടിയെ കുറിച്ചോ അറിയില്ലെന്നാണ് സംഭാവനകളുടെ മേല്‍നോട്ടച്ചുമതയുള്ള കൃഷ്ണദേവ് തിവാരിയുടെ വാദം.
മൂന്നംഗ പ്രത്യേക സംഘമാണ് രാമക്ഷേത്രത്തിലെ ക്രമക്കേടുകളില്‍ അന്വേഷണം നടത്തുന്നത്. ജൂണ്‍ ഏഴിന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് രാമക്ഷേത്രത്തിലെ ക്രമക്കേടുകളെ കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപ കാണാനില്ലെന്ന മാധ്യമവാര്‍ത്തകളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഖിലേഷ് യാദവ് രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യപ്രകാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിനായി ജൂണ്‍ 13 ന് എസ്‌ഐടിയെ നിയോഗിച്ചു.