മുംബൈ: മഹാരാഷ്ട്രയിൽ ഗണേശോത്സവത്തിന്റെ ഭാഗമായുള്ള ഗണപതി വിഗ്രഹ നിമജ്ജനത്തിനിടെ ഒമ്പത് പേര്‍ മുങ്ങി മരിച്ചു. 12 പേരെ കാണാതായതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൂനെ ജില്ലയിൽ നിന്നുള്ള മൂന്നുപേരും നാസിക്, താനെ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടുപേരും വാഷിം, അമരാവതി എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ് മരിച്ചത്.
പൂനെയിൽ നിന്നുള്ള മൂന്ന് പേരെയും നാസിക്, ജൽഗാവ്, നന്ദേഡ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ടു പേരെയുമാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. നന്ദെദില്‍ മൂന്ന് പേര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. നാസിക്കിലും അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗണേശോത്സവത്തിന്റെ അവസാനമായാണ് ഗണപതി വിഗ്രഹ നിമജ്ജനം നടത്തുന്നത്. 10 ദിവസത്തെ ചടങ്ങുകൾക്ക് ശേഷം ഇന്നലെയാണ് ഗണേശോത്സവം അവസാനിച്ചത്. അതേസമയം, മുംബൈയിലെ ഖൈരാനി റോഡില്‍ തൂങ്ങിക്കിടന്ന വൈദ്യുത കമ്പിയില്‍ ഗണപതി പ്രതിമ തട്ടിയതിന് പിന്നാലെ ഷോക്കേറ്റ് ഒരാള്‍ മരിച്ചിരുന്നു.