
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ 13 വയസ്സുള്ള പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ 40 കാരനെതിരെ കേസ്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയെ ആണ് മെയ് 28-ന് 40കാരന്‍ വിവാഹം ചെയ്തത്.
പെൺകുട്ടി ഇത് അധ്യാപികയോട് പറഞ്ഞപ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ഉടൻ തന്നെ അധ്യാപിക വിവരം തഹസിൽദാറിനെയും, പൊലീസിനെയും അറിയിച്ചു. തുടർന്ന് പെണ്‍ക്കുട്ടിയെ സഖി സെന്‍റർ ഫോർ സേഫ്റ്റി ആന്‍ഡ് സപ്പോർട്ടിലേക്ക് മാറ്റി.
അമ്മയ്ക്കും സഹോദരനുമൊപ്പം വാടക വീട്ടിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. വീട്ടുടമസ്ഥനോട് പെണ്‍ക്കുട്ടിയുടെ അമ്മ മകളെ വിവാഹം കഴിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഒരു മധ്യസ്ഥൻ വഴി 40 വയസുകാരന്‍റെ ആലോചന കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാൽപ്പതുകാരന്‍, അയാളുടെ ഭാര്യ, പെൺകുട്ടിയുടെ അമ്മ, മധ്യസ്ഥൻ, വിവാഹം നടത്തിയ പുരോഹിതൻ എന്നിവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തു.
പെണ്‍കുട്ടി നിർബന്ധിത ലൈംഗിക ബന്ധത്തിന് ഇരയായിട്ടുണ്ടെങ്കിൽ നാൽപ്പതുകാരനെതിരെ പോക്സോ കേസ് ചുമത്തുമെന്നും പൊലീസ് അറിയിച്ചു.
ഈ വർഷം തെലങ്കാനയിൽ ഇത്തരത്തിലുള്ള 44 കേസുകളും കഴിഞ്ഞ വർഷം 60 കേസുകളും റിപ്പോർട്ട് ചെയ്തതായി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ പറഞ്ഞു. ഇത്തരം വിവാഹങ്ങള്‍ ദാരിദ്രം മൂലമല്ലെന്നും കുട്ടി ഒളിച്ചോടുമെന്ന ഭയം കാരണമാണെന്നും അധികൃതർ പറഞ്ഞു. 18 വയസ്സുള്ള ഒരു പെൺകുട്ടിയും 19 വയസ്സുള്ള ഒരു യുവാവും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 14 ന് നടക്കുമെന്ന് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതിന് പിന്നാലെയാണ് ഈ കെസ് വന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.