

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സ്വകാര്യ സ്കൂളിൻ്റെ നാലാം നിലയിൽ നിന്ന് ചാടി 9 വയസുകാരി ജീവനൊടുക്കി. ജയ്പൂരിലെ നീർജ മോദി സ്കൂൾ വിദ്യാർഥിനിയായ അമൈറയാണ് 47 അടി ഉയരത്തിൽ നിന്നും ചാടി മരിച്ചത്.
പെൺകുട്ടി നാലാം നിലയിലെ ഒരു റെയിലിംഗിൽ കയറി താഴേക്ക് ചാടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ, കുട്ടി ജീവനൊടുക്കിയതിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
അന്വേഷണ ഉദ്യോഗസ്ഥർ സ്കൂളിലെത്തിയപ്പോഴേക്കും പെൺകുട്ടി വീണുകിടന്ന സ്ഥലം വൃത്തിയാക്കുകയും രക്തക്കറകൾ മായ്ച്ചു കളയുകയും ചെയ്തിരുന്നു.പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സ്കൂൾ ഭരണകൂടത്തിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ പരിസരത്ത് ഇത്തരമൊരു സംഭവം എങ്ങനെ സംഭവിക്കുമെന്ന് ചോദ്യം ചെയ്ത മാതാപിതാക്കൾ അധ്യാപകരുടെയും ജീവനക്കാരുടെയും പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ നീർജ സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്കൂൾ ഭരണകൂടം ശരിയായ രീതിയിൽ ആശയവിനിമയം നടത്തിയിട്ടില്ലെന്നും പ്രിൻസിപ്പലിൻ്റെ കോൺടാക്റ്റ് നമ്പർ പോലും തന്നിട്ടില്ലെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ റാം നിവാസ് ശർമ്മ പറഞ്ഞു.
മാതാപിതാക്കളുടെ ഏക മകളായിരുന്നു അമൈറ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായ ഉടനെ അമൈറയുടെ മാതാപിതാക്കൾ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നിലെ കൃത്യമായ കാരണം അന്വേഷണത്തിന് ശേഷം പുറത്തുവരുമെന്നും എസ്എച്ച്ഒ പറഞ്ഞു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടൂ
വിളിക്കൂ 1056