ഡൽഹി: രാജ്യതലസ്ഥാനത്തിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ബിജെപി എം.പി. പ്രവീൺ ഖണ്ഡേവാൾ. ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തു നൽകി. ഖണ്ഡേവാൾ പറയുന്നതനുസരിച്ച്, ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനെ 'ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ' എന്നും അന്താരാഷ്ട്ര വിമാനത്താവളത്തെ 'ഇന്ദ്രപ്രസ്ഥ വിമാനത്താവളം' എന്നും പുനർനാമകരണം ചെയ്യണം.
ചരിത്രപരവും സാംസ്കാരികവും നാഗരികവുമായ വേരുകളെ പ്രതിഫലിപ്പിക്കുന്ന ഒരു നീക്കമാണിതെന്ന് ഖണ്ഡേവാൾ പറയുന്നു. അമിത് ഷായ്ക്ക് അയച്ച കത്തിലും സാംസ്കാരിക ചരിത്ര ഘടകങ്ങളെ പരിഗണിച്ച് പേരു മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും മറ്റ് മന്ത്രിമാർക്കും ഖണ്ഡേവാൾ കത്തു നൽകി.
ഡൽഹി വെറുമൊരു ആധുനിക മഹാനഗരമല്ല, മറിച്ച് ഇന്ത്യൻ നാഗരികതയുടെ ആത്മാവാണെന്ന് ഖണ്ഡേവാൾ പരാമർശിച്ചു. പ്രയാഗ്‌രാജ്, അയോധ്യ, ഉജ്ജയിൻ, വാരണാസി തുടങ്ങിയ രാജ്യത്തെ മറ്റ് ചരിത്ര നഗരങ്ങൾ അവയുടെ പുരാതന സ്വത്വങ്ങളുമായി വീണ്ടും ഒന്നിക്കുമ്പോൾ, ഡൽഹിയെ അതിന്റെ യഥാർഥ രൂപത്തിൽ ബഹുമാനിക്കണം എന്നാണ് ഖണ്ഡേവാളിന്റെ അഭിപ്രായം.
ഈ മാറ്റം ഒരു ചരിത്ര നീതി മാത്രമല്ല, സാംസ്കാരിക നവോത്ഥാനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പു കൂടിയാണ്. ഡൽഹിയുടെ പേര് 'ഇന്ദ്രപ്രസ്ഥ' എന്ന് പുനർനാമകരണം ചെയ്യുന്നത് ഇന്ത്യയുടെ തലസ്ഥാനം അധികാര കേന്ദ്രം മാത്രമല്ല, മതം, ധാർമ്മികത, ദേശീയത എന്നിവയുടെ പ്രതീകം കൂടിയാണെന്ന സന്ദേശം ഭാവി തലമുറകൾക്ക് നൽകുമെന്നും എം. പിയുടെ കത്തിൽ പറയുന്നു.
ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്ന് മാറ്റാൻ ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് നേരത്തേ ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്തെഴുതിയിരുന്നു. രാജ്യത്തെ പ്രധാന സ്ഥലങ്ങളുടെ പേരുകൾ ഹിന്ദുത്വവൽക്കരിക്കുവാനുള്ള ബി.ജെ.പിയുടെ സ്ഥിരം നീക്കങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ് ഇതും. പുരാണത്തെയും, മത ഗ്രന്ഥങ്ങളേയും കൂട്ടു പിടിച്ചാണ് ഇത്തരം ആശയങ്ങൾ പുറത്ത് വിടുന്നത്.