
ഉത്തർപ്രദേശ്: റോഡപകടത്തിൽ പരിക്കേറ്റ യുവാവിന് ചികിത്സ ലഭിക്കാതെ ദാരുണാന്ത്യം. അപകടം നടന്നയുടൻ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്യൂട്ടി ഡോക്ടർമാർ ഉറക്കമായിരുന്നതിനാൽ യുവാവിന് ചികിത്സ ലഭിച്ചില്ല. ഡ്യൂട്ടി ഡോക്ടർ ഉറങ്ങുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഇന്നലെ രാവിലെയാണ് റോഡപകടത്തിൽ പരിക്കേറ്റ സുനിലിനെ പൊലീസ് മീററ്റിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെത്തിക്കുന്നത്. സുനിലിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച സമയത്ത് തന്നെ അമിത രക്തസ്രാവമുണ്ടായിരുന്നു. രക്തസ്രാവവും വേദനയും കാരണം സുനിൽ കരഞ്ഞിരുന്നെങ്കിലും ഡോക്ടർമാർ അതൊന്നും ശ്രദ്ധിക്കാതെ ഉറങ്ങുകയായിരുന്നുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നു ഭൂപേഷ് കുമാർ റായ്, അങ്കിത് എന്നീ ജൂനിയർ ഡോക്ടർമാർ ഉറങ്ങുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഡോക്ടർമാരിലൊരാൾ മേശയിൽ കാല് നീട്ടി വച്ച് ഉറങ്ങുന്നതിന് തൊട്ടടുത്ത് തന്നെ സുനിലുണ്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല. കുട്ടിയെ പിടിച്ചൊരു സ്ത്രീയും അടുത്ത് നിൽക്കുന്നുണ്ടെങ്കിലും അതും ഡോക്ടർ അറിഞ്ഞില്ല.
സംഭവം നടന്ന സമയത്ത് സീനിയർ ഡോക്ടറായ ഡോ. ശശാങ്ക് ജിൻഡാൽ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഡോ. ശശാങ്ക് എത്തി ചികിത്സ ഉറപ്പാക്കിയെങ്കിലും ഇന്ന് രാവിലെയോടെ സുനിൽ മരിച്ചു. സുനിലിൻ്റെ മരണത്തിന് പിന്നാലെ രണ്ട് ജൂനിയർ ഡോക്ടർമാരെയും സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.സി. ഗുപ്ത അറിയിച്ചു.