ഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചെന്ന ഡോണൾഡ് ട്രംപിൻ്റെ അവകാശ വാദം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു ലോക നേതാവും ഇടപെട്ടില്ല. പാകിസ്ഥാൻ വൻ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്നാണ് യുഎസ് അറിയിച്ചത്. പ്രതിപക്ഷത്തിന് വിശ്വാസം പാക് പ്രചരണങ്ങളിലാണെന്നും ലോക്സഭയിൽ നരേന്ദ്രമോദി പറഞ്ഞു.
ഒരു ലോകനേതാവും ദൗത്യം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ട്രംപിന്‍റെ അവകാശവാദങ്ങള്‍ തള്ളി കൊണ്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. പാക് സൈന്യം വെടിനിർത്തലിനുവേണ്ടി യാചിച്ചു. നമ്മുടെ മിസൈലുകൾ അവരെ മുട്ടുകുത്തിച്ചുവെന്നും മോദി പറഞ്ഞു.
മെയ് 9ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സുമായി ഫോണില്‍ വിളിച്ചു. എന്നാല്‍ തിരക്കുമൂലം ഫോണ്‍കോള്‍ സ്വീകരിക്കാനായില്ല. തിരിച്ചുവിളിച്ചപ്പോള്‍ പാകിസ്താന്‍ വന്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു എന്ന് വാന്‍സ് അറിയിച്ചു. ആക്രമിച്ചാല്‍ ആക്രമണത്തിന് അതിലും വലിയ പ്രത്യാക്രമണം കൊണ്ട് മറുപടി നല്‍കുമെന്ന് താന്‍ മറുപടി നല്‍കിയെന്നും മോദി അവകശപ്പെട്ടു.
ഞാന്‍ നിലകൊള്ളുന്നത് ഇന്ത്യയുടെ പക്ഷത്താണെന്നും, ഞാൻ സംസാരിക്കുന്നത്. ഇന്ത്യക്കായിട്ടാണെന്നും മോദി വ്യക്തമാക്കി. ഭീകരവാദം നേരിടാൻ രാജ്യം ഒന്നിച്ച് നിന്നു. പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം നിലംപരിശാക്കി. രാജ്യത്തെ സൈന്യത്തിൻ്റെ വിജയമാണ് നാം ആഘോഷിച്ചത്. ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയത്തിനായി ഒന്നിച്ച് നിന്ന എല്ലാവർക്കും നന്ദിയെന്നും മോദി സഭയിൽ പറഞ്ഞു.
പഹൽഗാമിൽ ഉണ്ടായത് മതം നോക്കി നടത്തിയ ആക്രമണം എന്ന് മോദി സഭയിൽ പറഞ്ഞു. മതഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം സഭയെ അറിയിച്ചു. എവിടെ എങ്ങനെ എപ്പോൾ പാകിസ്ഥാനിൽ ആക്രമണം നടത്തണമെന്ന് തീരുമാനിക്കാൻ സൈന്യത്തിന് പൂർണ അധികാരം നൽകിയിരുന്നുവെന്നും മോദി പറഞ്ഞു.
ഉറക്കം നഷ്ടപ്പെടുന്ന ശിക്ഷയാണ് തീവ്രവാദികൾക്ക് നൽകിയത്. പാകിസ്ഥാൻ ഇന്ത്യൻ ആക്രമണത്തിൽ സ്തംഭിച്ചു പോയെന്നും, തീവ്രവാദികളെ ഇല്ലാതാക്കാൻ പ്രതിജ്ഞ ചെയ്തുവെന്നും മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഏപ്രില്‍ 22 ലെ ആക്രമണത്തിന് 22 മിനിറ്റില്‍ പകരംവീട്ടി. പാകിസ്ഥാനിലെ തീവ്രവാദ മേഖലകൾ ഇന്ത്യ നശിപ്പിച്ചു. അവരുടെ ആണവഭീഷണികള്‍ പൊള്ളയാണെന്ന് തെളിഞ്ഞു.ഭീഷണികള്‍ ഫലിക്കില്ലെന്നും, ഭീഷണിക്ക് മുന്നില്‍ ഇന്ത്യ കീഴടങ്ങില്ലെന്നും തെളിയിച്ചുവെന്നും മോദി ലോക്സഭയിൽ വ്യക്താക്കി.
തിരിച്ചടിക്ക് ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങളിലെ സാങ്കേതിക മികവ് തുണച്ചു. മൂന്ന് സേനകളും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഓരോ പാക് ടെറർ ഹൈഡ് ഔട്ടും നശിപ്പിച്ചു. പാകിസ്ഥാൻ്റെ വ്യോമകേന്ദ്രങ്ങളിപ്പോഴും ഐസിയുവിലാണ്.
മെയ്‌ഡ് ഇൻ ഇന്ത്യയുടെ കരുത്ത് എന്താണ് എന്ന് നമ്മുടെ ആയുധങ്ങൾ തെളിയിച്ചു. ഇതാണ് ഇന്ത്യയുടെ ന്യൂ നോർമൽ എന്ന് മോദി പറഞ്ഞു. ഒരു ആണവ ഭീഷണിയിലും ഇന്ത്യ പേടിക്കില്ല. മുന്‍പും ഭീകരാക്രമണങ്ങളുണ്ടായിട്ടുണ്ട്. അന്ന് അതിനുപിന്നിലെ സൂത്രധാരന്മാർ സുഖമായി ഉറങ്ങി. ഇന്ന് ഇന്ത്യ തിരിച്ചടിക്കുമെന്ന ഭീതി അവരുടെ ഉറക്കം കെടുത്തുന്നു.
193 രാജ്യങ്ങളിൽ 3 ഒഴികെ ഇന്ത്യയെ പിന്തുണച്ചു എന്ന് പ്രധാനമന്ത്രി അറിയിച്ചു. ലോകം പിന്തുണച്ചു പക്ഷെ കോൺഗ്രസ് പിന്തുണച്ചില്ലെന്ന് മോദി പറഞ്ഞതിന് പിന്നാലെ സഭയിൽ ബഹളമുണ്ടായി. പഹൽഗാമിന് ശേഷം കോൺഗ്രസ് രാജ്യത്തെ പരിഹസിച്ചു. കോൺഗ്രസിൻ്റെ തനിനിറം പഹൽഗാം അക്രമണത്തോടെ പുറത്തുവന്നുവെന്നും മോദി പറഞ്ഞു.
സംഭവം നടന്ന് 3 ദിവസത്തിനുള്ളിൽ കോൺഗ്രസ് രാഷ്ട്രീയക്കളി തുടങ്ങിയിരുന്നു. നിരപരാധികളെ കൊന്നൊടുക്കിയപ്പോഴും കോണ്‍ഗ്രസ് നോക്കിയത് സ്വാർഥ രാഷ്ട്രീയ ലാഭം മാത്രമാണെന്നും മോദി വിമർശിച്ചു.
കോൺഗ്രസ് തലക്കെട്ടുകളിൽ ഉണ്ടാകാം പക്ഷെ ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ ഇല്ലെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെ ദേശവിരുദ്ധ രാഷ്ട്രീയം പുറത്തു വന്നുവെന്നും അവരുടെ അല്‍പ്പത്തരം സേനയുടെ മനോവീര്യം വ്രണപ്പെടുത്തിയെന്നും മോദി കുറ്റപ്പെടുത്തി.
രാഷ്ട്രീയ പ്രസക്തി നിലനിർത്താന്‍ വേണ്ടി കോണ്‍ഗ്രസ്പാകിസ്ഥാനില്‍ നിന്ന് പ്രശ്നങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്. പാക് പ്രൊപ്പഗണ്ടകളുടെ വക്താക്കളായി കോണ്‍ഗ്രസ് മാറുന്നുവെന്നും മോദി പറഞ്ഞു. മെയ് 9ന് ഇന്ത്യയിലേക്ക് പാകിസ്ഥാൻ ആയിരക്കണക്കിന് ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് തൊടുത്തുവിട്ടത്. അവയെല്ലാം ആകാശത്തുവെച്ചുതന്നെ ഇന്ത്യയുടെ വ്യോമപ്രതിരോധം തകർത്തുവെന്നും മോദി പറഞ്ഞു.