

ഡൽഹി: ഇന്ത്യ-പാക് വ്യോമാക്രമണത്തിനിടെ പാകിസ്ഥാൻ്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വ്യോമസേനയിൽ നിന്ന് പടിയിറങ്ങി സ്വകാര്യ വിമാനക്കമ്പനിയിൽ ചേർന്നു. മാർച്ച് 31-നാണ് അദ്ദേഹം വ്യോമസേനയിലെ തൻ്റെ സേവനം അവസാനിപ്പിച്ചത്. ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്‌ളൈ 91 എന്ന സ്വകാര്യ റീജിയണൽ എയർലൈനിൽ കൊമേഴ്സ്യൽ പൈലറ്റായി ചേർന്നു.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. കൊമേഷ്യൽ പൈലറ്റായി ജോലിക്ക് പ്രവേശിച്ച അഭിനന്ദൻ വർധമാൻ കമ്പനിയുടെ എടിആർ 72-600 എന്ന ടർബോപ്രോപ് വിമാനമാകും പറത്തുക. 22 വർഷത്തെ സേവനത്തിന് ശേഷമാണ് വർദ്ധമാൻ ഇന്ത്യൻ വ്യോമസേനയിൽ നിന്ന് സ്വയം വിരമിച്ചത്.
ഗോവ, ഹൈദരാബാദ് റൂട്ടുകളിലായിരിക്കും വർദ്ധമാൻ വിമാനം പറത്തുക. 2019 ഫെബ്രുവരിയിൽ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ, പാകിസ്ഥാൻ്റെ അത്യാധുനിക എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസൺ ഉപയോഗിച്ച് വെടിവെച്ചിട്ടതിലൂടെയാണ് വിങ് കമാൻഡറായിരുന്ന അഭിനന്ദൻ വർദ്ധമാൻ രാജ്യാന്തര ശ്രദ്ധ നേടിയത്. തുടർന്ന് രാജ്യം അദ്ദേഹത്തിന് വീരചക്ര പുരസ്കാരം നൽകി ആദരിച്ചിരുന്നു.