

കൊല്‍ക്കത്ത: സോനാര്‍പൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ നെഞ്ചില്‍ രക്തം കട്ടപിടിച്ചതായി മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി.
മമതാ ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയാണ് അഭിഷേക് ബാനര്‍ജി. കൊല്ലപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അഭിഷേക് ബാനര്‍ജിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിനിടയില്‍ ആരോ അഭിഷേകിനെ ഹെല്‍മെറ്റ് ധരിപ്പിച്ചിരുന്നു. ഹെല്‍മെറ്റ് ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം കൊല്ലപ്പെടുമായിരുന്നുവെന്നും മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ അഭിഷേകിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു മമതയുടെ പ്രതികരണം.
സ്ത്രീകള്‍ അടക്കമുള്ള ആളുകളാണ് അഭിഷേകിനെ കയ്യേറ്റം ചെയ്തത്. മുട്ടയേറും ഉണ്ടായിരുന്നു. ഹെല്‍മെറ്റ് ധരിച്ച് ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുന്ന അഭിഷേക് ബാനര്‍ജിയുടെ വീഡിയോയും പുറത്തുവന്നിരുന്നു.
അഭിഷേകിനു നേരെ കല്ലേറുണ്ടായതായും ശാരീരികമായും ആക്രമിച്ചുവെന്നും മമതാ ബാനര്‍ജി പറഞ്ഞു. നെഞ്ചില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ആദ്യം മറ്റൊരു ആശുപത്രിയിലായിരുന്നു അഭിഷേകിനെ എത്തിച്ചത്. എന്നാല്‍, ഇവിടെ വേണ്ട ചികിത്സ നല്‍കിയില്ലെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. മമതാ ബാനര്‍ജി ഇടപെട്ടാണ് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്.
ആക്രമണത്തിനു പിന്നാലെ, കഴുത്തിനും നടുവിനും ഇടുപ്പിനും കടുത്ത വേദന അനുഭവപ്പെടുന്നതായി അഭിഷേക് പറഞ്ഞിരുന്നു. ആവശ്യമായ ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മമതാ ബാനര്‍ജി ഉന്നയിച്ചത്. സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരതരമല്ലായിരുന്നെങ്കില്‍ എന്തിനാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത് എന്നും മമതാ ബാനര്‍ജി ചോദിച്ചു.
അഭിഷേകിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ശരീരത്തില്‍ പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിക്കൊന്നും ഗുരുതരമല്ലെങ്കില്‍ എന്തിനാണ് നിരവധി പരിശോധനകള്‍ക്കും സ്‌കാനിങ്ങിനും നിര്‍ദേശിച്ചത്? അദ്ദേഹത്തിന്റെ മുഖത്തും പുറത്തും കഴുത്തിനും നെഞ്ചിനുമെല്ലാം പരിക്കേറ്റിട്ടുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. ചികിത്സ നിഷേധിച്ചതിനു പിന്നില്‍, ബാഹ്യ ഇടപെടലുകള്‍ ഉണ്ടെന്നും മുന്‍ മുഖ്യമന്ത്രി ആരോപിച്ചു.
അഭിഷേകിനു നേരെയുള്ള ആക്രമണത്തിനു പിന്നില്‍, ബിജെപിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണമെന്നും ആയുധമെടുത്തും ഭയപ്പെടുത്തിയും ആക്രമിച്ചുമല്ല നേരിടേണ്ടതെന്നും മമതാ ബാനര്‍ജി പറഞ്ഞു.
അഭിഷേകിന്റെ സന്ദര്‍ശനത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിട്ടും പൊലീസ് എന്തുകൊണ്ട് വേണ്ട സുരക്ഷ ഏര്‍പ്പെടുത്തിയില്ലെന്നും മമതാ ബാനര്‍ജി ചോദിച്ചു. പുറത്തു നിന്നുള്ളവര്‍ എത്തിയാണ് ആക്രണം നടത്തിയെന്നാണ് തൃണമൂല്‍ നേതാവിന്റെ ആരോപണം. ബിജെപി സ്‌പോണ്‍സര്‍ ചെയ്ത ആക്രമണമാണ് നടന്നതെന്ന് അഭിഷേക് ബാനര്‍ജിയും ആരോപിച്ചു.
കള്ളന്‍, എന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു ആക്രമണം. സംഘര്‍ഷത്തില്‍ അദ്ദേഹത്തിന്റെ വസ്ത്രം കീറുകയും മുട്ടയേറും ഉണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹെല്‍മെറ്റ് ധരിപ്പിച്ചാണ് അഭിഷേക് ബാനര്‍ജിയെ സ്ഥലത്തു നിന്ന് മാറ്റിയത്.
അതേസമയം, ആക്രമണത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.