

പുതുച്ചേരി: 2026 നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിലൂടെ ഡിഎംകെ നൂറ് ശതമാനം പാഠം പഠിക്കുമെന്ന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. പുതുച്ചേരിയിൽ പാർട്ടിയുടെ ആദ്യ രാഷ്ട്രീയ പ്രചാരണ റാലിയിൽ ഡിഎംകെക്കെതിരെ ആഞ്ഞടിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരൂർ ആൾക്കൂട്ട ദുരന്തത്തിന് ശേഷം വിജയ് പങ്കെടുക്കുന്ന ആദ്യത്തെ പൊതുറാലിയായിരുന്നു ഇത്.
സെപ്തംബറിൽ നടന്ന ദുരന്തത്തിൽ 41 പേരാണ് കൊല്ലപ്പെട്ടത്. കരൂരിൽ ജനക്കൂട്ടത്തിൻ്റെ തിരക്ക് തടയാൻ മതിയായ സുരക്ഷ ഒരുക്കുന്നതിൽ വിജയ് പരാജയപ്പെട്ടുവെന്ന് ഡിഎംകെയും, സ്റ്റാലിൻ പ്രതികാരം തീർക്കുകയായിരുന്നു എന്ന് ടിവികെയും ആരോപിച്ചിരുന്നു.
സുരക്ഷാ വീഴ്ചയുണ്ടാക്കി അപകടം സൃഷ്ടിച്ച ശേഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് ഡിഎംകെയെ അദ്ദേഹം വിമർശിച്ചു. പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി ടിവികെ റാലിക്ക് പൂർണ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും തമിഴ്നാട്ടിലെ ഡിഎംകെ ഭരണകൂടം നിഷ്പക്ഷരായ പുതുച്ചേരി സർക്കാരിൽ നിന്ന് പാഠം പഠിക്കുന്നത് നല്ലതെന്ന് വിജയ് പ്രഖ്യാപിച്ചു.
അവർ ഇപ്പോൾ പഠിക്കില്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിലൂടെ ഡിഎംകെ നൂറ് ശതമാനം പാഠം പഠിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പുതുച്ചേരിയിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് ടിവികെ.
12 മിനിറ്റ് നീണ്ടുനിന്ന തൻ്റെ പ്രസംഗത്തിൽ പൊതുറാലിക്ക് ഒരുക്കിയ സുരക്ഷാ നടപടികൾക്ക് പുതുച്ചേരി മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞ് കൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവി നേടിയെടുത്ത് നൽകുമെന്നും വിജയ് വാഗ്ദാനം ചെയ്തു. 2026ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാറ്റത്തിനായി ടിവികെയ്ക്ക് ഒപ്പം അണിനിരക്കാൻ ടിവികെ അധ്യക്ഷൻ അഭ്യർഥിക്കുകയും ചെയ്തു.
പുതുച്ചേരിയുടെ ദീർഘകാലമായിട്ടുള്ള ആവശ്യങ്ങൾ പലതും കേന്ദ്ര സർക്കാർ അവഗണിച്ചെന്നും, ദീർഘകാലമായി കാത്തിരിക്കുന്ന സംസ്ഥാന രൂപീകരണ പ്രമേയം പതിനൊന്നാം തവണയും അയച്ചിട്ടും പ്രതികരണമില്ലെന്നും വിജയ് ചൂണ്ടിക്കാട്ടി.
പുതുച്ചേരിയിലെ തൊഴിലില്ലായ്മ പ്രതിസന്ധി, ഐടി വികസനത്തിൻ്റെ അഭാവം, കാരയ്ക്കൽ മത്സ്യത്തൊഴിലാളികളുടെ പോരാട്ടങ്ങൾ, സ്വാശ്രയ വ്യാവസായിക വളർച്ചയുടെ ആവശ്യകത, അഴിമതിയുടെയും ന്യൂനപക്ഷങ്ങളോട് കാണിച്ച അനാദരവിൻ്റെയും പേരിൽ ഒരു മന്ത്രിയെ പുറത്താക്കിയ വിഷയം എന്നിവയുടെ വിജയ്‌യുടെ പ്രസംഗത്തിൽ പ്രധാന വിഷയങ്ങളായി.