

ലഖ്നൗ: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പില്‍ പുതിയ നിഗമനങ്ങളുമായി പൊലീസ്. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സംഭാവനയിൽനിന്ന് പ്രതിദിനം ആറ് മുതൽ എട്ട് ലക്ഷം രൂപയുടെ വരെ കൊള്ള നടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ബാങ്ക് രേഖകളുടെ അടിസ്ഥാനത്തിൽ ക്ഷേത്ര സംഭാവനകളിൽ നിന്ന് പ്രതിദിനം ഇത്രയും ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നതെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
തട്ടിപ്പ് പുറത്തുവരുന്നതിന് മുന്നേ വരെ പ്രതിദിനം ശരാശരി 16 മുതൽ 18 ലക്ഷം രൂപ വരെയാണ് രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടുകളിലെത്തിയിരുന്നത്. എന്നാൽ അന്വേഷണം ആരംഭിച്ചതോടെ തുക പ്രതിദിനം 24 മുതൽ 26 ലക്ഷം രൂപയായി വർധിച്ചെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ പണപ്പിരിവ് എസ്ബിഐയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. ഇതിനായി ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് കാണിക്കപ്പെട്ടികളിലായി ലഭിക്കുന്ന പണം 14 പേരടങ്ങുന്ന സംഘമാണ് എണ്ണുന്നത്. ഇതിൽ 11 ബാങ്ക് ജീവനക്കാരും 3 ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളുമാണ് ഉൾപ്പെടുന്നത്.
അതുകൊണ്ട് തന്നെ എസ്‌ബിഐ ജീവനക്കാരുടെ പങ്കും സൂക്ഷ്മമായി പരിശോധിക്കും. പണമിടപാടുകളെക്കുറിച്ചും സാമ്പത്തിക കൈമാറ്റങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കാൻ അയോധ്യ പൊലീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയക്കും. സ്വർണാഭരണങ്ങൾക്കടക്കം കൃത്യമായ രേഖകളില്ലാത്തത് തട്ടിപ്പ് എളുപ്പമാക്കിയെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഫെബ്രുവരിയിലാണ് മോഷണ വിവരം ആദ്യമായി പുറത്തുവന്നത്.
അതേസമയം, കേസിൽ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്‌യെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ചമ്പത്ത് റായ്‌യില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. ചമ്പത്ത് റായ്‌യുടെ ഡ്രൈവറായിരുന്ന ടിന്നു യാദവിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. മൊഴികളിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചമ്പത്ത് റായ്‌യെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എസ്‌ഐടി ചോദ്യം ചെയ്ത എട്ട് പ്രതികളുടെ മൊഴികള്‍ ചമ്പത്ത് റായ്ക്ക് എതിരായിരുന്നു.