
അനിൽ അംബാനിയുടെ ഡൽഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. അനിൽ അംബാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനും യെസ് ബാങ്കിനുമെതിരായ 3,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. 35 ഇടങ്ങളിലായിരുന്നു പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള സാമ്പത്തിക ക്രമക്കേടുകളിൽ സിബിഐ കേസെടുത്തതിന് പിന്നാലെയാണ് അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇഡി പരിശോധന നടത്തിയത്.
50 കമ്പനികളിലായിരുന്നു ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സാമ്പത്തിക രേഖകൾ വിശദമായി പരിശോധിച്ചു. 25ൽ അധികം പേരെ ചോദ്യം ചെയ്തു. കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീണ്ടേക്കും . ബാങ്കുകളെയും നിക്ഷേപകരെയും ഓഹരി ഉടമകളെയും അടക്കം വഞ്ചിച്ച് പണം തട്ടാൻ ആസൂത്രിതമായ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
2017- 19 കാലയളവിൽ യെസ് ബാങ്കില്‍ 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സെബി,നാഷണൽ ഹൗസിങ് ബാങ്ക്, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവർ കൈമാറിയ വിവരങ്ങൾ, സിബിഐ രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകൾ എന്നിവയും ഇഡി പരിശോധിക്കുന്നുണ്ട്.
വായ്പ ലഭിക്കാനായി യെസ് ബാങ്കിന്‍റെ പ്രൊമോട്ടർമാർക്ക് അനിൽ അംബാനി കൈക്കൂലി നൽകിയെന്ന ആരോപണത്തിലും അന്വേഷണമുണ്ട്. യെസ് ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോള്‍ വായ്പ തിരിച്ചടക്കാത്തതിനാല്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാന മന്ദിരം ഉള്‍പ്പെടെയുള്ള ഓഫിസുകള്‍ കണ്ടുകെട്ടിയിരുന്നു. കഴിഞ്ഞ വർഷം അനിൽ അംബാനി ഓഹരി വിപണിയിൽ ഇടപെടുന്നത് അഞ്ചു വർഷത്തേക്ക് വിലക്കിയ സെബി, 25 കോടി പിഴയും ചുമത്തിയിരുന്നു . സെബി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.