അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിന് തകരാറില്ലായിരുന്നുവെന്നും പറക്കുന്നതിന് മുൻപ് പരിശോധനകൾ നടത്തിയിരുന്നുവെന്നും എയർ ഇന്ത്യ സിഇഒ

തകരാർ കണ്ടെത്തിയ ബ്ലാക്ക് ബോക്സ് വിശദപരിശോധനയ്ക്ക് വിദേശത്തേക്ക് അയയ്ക്കുന്നതിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു
Ahmedabad flight accident
അഹമ്മദാബാദ് വിമാനാപകടം, കാംപൽ വിൽസൺSource: News Malayalam 24*7, Screen Grab/ Air India
Published on

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട AI-171 വിമാനത്തിന് തകരാറില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ കാംപൽ വിൽസൺ. പറക്കുന്നതിന് മുൻപ് വിമാനവും എൻജിനും കൃത്യമായ പരിശോധനക്ക് വിധേയമായിരുന്നു എന്നും സിഇഒ വ്യക്തമാക്കി. തകരാർ കണ്ടെത്തിയ ബ്ലാക്ക് ബോക്സ് വിശദപരിശോധനയ്ക്ക് വിദേശത്തേക്ക് അയയ്ക്കുന്നതിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഞെട്ടിച്ച വിമാനാപകടം നടന്നിട്ട് ഒരാഴ്ച പിന്നിടുമ്പോഴും ദുരന്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വിവിധ അന്വേഷണ ഏജൻസികൾ അന്വേഷണം തുടരുന്നതിനിടെയാണ് എയർ ഇന്ത്യ സിഇഒ ക്യാംപൽ വിൽസണിൻ്റെ പ്രതികരണം. അപകടത്തിൽപ്പെട്ട AI 171 വിമാനം പറക്കുന്നതിന് മുൻപ് നിരവധി പരിശോധനകൾക്ക് വിധേയമായിരുന്നു. വിമാനത്തിനും എൻജിനും അപാകതകൾ ഒന്നും കണ്ടെത്തിയിരുന്നില്ല എന്നും ക്യാംപൽ വ്യക്തമാക്കി. 2023 ജൂണിലാണ് വിമാനത്തിൽ അവസാനമായി വിശദ പരിശോധന നടത്തിയത്. മൂന്ന് മാസം മുമ്പ് വലതുവശത്തെ എൻജിൻ പുതുക്കിയിരുന്നു. രണ്ടു മാസം മുമ്പ് ഇടത് എൻജിനും മാറ്റിവെച്ചു. അടുത്ത പ്രധാന പരിശോധന ഡിസംബറിൽ നടത്താനിരിക്കെയാണ് ദുരന്തമുണ്ടായത്. ദുരന്തത്തിന് ശേഷം എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനങ്ങളിൽ 33 എണ്ണത്തിൽ 26 വിമാനങ്ങളുടെയും പരിശോധന നടത്തി സുരക്ഷിതത്വം ഉറപ്പുവരുത്തിയെന്നും സിഇഒ എക്സ് പോസ്റ്റിൽ വിശദീകരിച്ചു.

Ahmedabad flight accident
രാജ്യത്തെ ഞെട്ടിച്ച ദുരന്തം; പറന്നുയർന്ന് രണ്ടു മിനിറ്റുകൾക്കകം തീഗോളമായി മാറി എയർ ഇന്ത്യ വിമാനം

ഇതിനിടെ എയർ ഇന്ത്യാ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാർ കണ്ടെത്തിയത് തുടരന്വേഷണത്തിന്റെ പുരോഗതിയെ ബാധിച്ചിട്ടുണ്ട്. വിവരങ്ങൾ വീണ്ടെടുക്കാനും കൂടുതൽ പരിശോധനയ്ക്കുമായി ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും AAIBയുടെ വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ തീരുമാനമുണ്ടാകു എന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം അറിയിച്ചു.

വിമാനപകടത്തിന് പിന്നാലെ എയർ ഇന്ത്യ ബോയിങ് ഡ്രീംലൈനർ സർവീസുകൾ 15 ശതമാനം വെട്ടിച്ചുരുക്കി. ജൂൺ 20 മുതൽ ജൂലൈ പകുതി വരെയാണ് സർവീസുകൾ കുറച്ചത്. സർവീസുകൾ വെട്ടിക്കുറച്ചതിലും അപകടത്തിലും എയർ ഇന്ത്യയുടെയും ടാറ്റ സൺസിന്റെയും ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബുദ്ധിമുട്ടുകയാണെന്നും അവരെ പിന്തുണയ്ക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com