
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്ക് ബോക്സും കണ്ടെത്തിയതായി സൂചന. വിമാനം തകർന്നുവീണ സ്ഥലത്ത് നിന്ന് ബ്ലാക്ക് ബോക്സ് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകള്‍. അപകടം നടന്ന് 27 മണിക്കൂറുകള്‍ക്ക് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരിക്കുന്നത്. എഎഐബിയുടെ അന്വേഷണത്തിൽ ഏറ്റവും നിർണായകമായേക്കാവുന്ന കണ്ടെത്തലാണിത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39നാണ് രാജ്യത്തെ നടുക്കിയ വിമാനാപകടം നടന്നത്. സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം ഏതാനും മിനുട്ടുകളില്‍ക്കുള്ളില്‍ കൂപ്പുകുത്തുകയായിരുന്നു. അപകടത്തില്‍ 265 പേരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും മരിച്ചിരുന്നു. വിമാനം മെഡിക്കല്‍ കോളേജ് മെസ്സിലേക്ക് ഇടിച്ചിറങ്ങിയതും മരണസംഖ്യ ഉയരാന്‍ കാരണമായി.
എന്താണ് അപകടകാരണം എന്ന് ഇപ്പോഴും വ്യക്തമല്ല. ബ്ലാക്ക് ബോക്സില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അപകട കാരണത്തിലേക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് ബ്ലാക്ക് ബോക്സുകളില്‍ ഒരെണ്ണം നേരത്തെ കണ്ടെത്തിയിരുന്നു.
ദുരന്തസ്ഥലം സീൽ ചെയ്ത് ലഭ്യമായ എല്ലാ തെളിവുകളും ഫോറൻസിക് സംഘങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. എയർക്രാഫ്റ്റ് ആക്സിഡൻ്റ്സ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ബ്ലാക് ബോക്സ് ഡീ കോഡ് ചെയ്യാനുള്ള നടപടികൾ തുടങ്ങി. യുഎസിന്റെയും ബ്രിട്ടൻ്റെയും വിമാനാപകട അന്വേഷണ ഏജൻസികളും അന്വേഷണത്തിൽ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അപകടത്തിന് പിന്നാലെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി രാം മോഹൻ നായിഡു കിഞ്ചരാപു അറിയിച്ചിരുന്നു. സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്ക് അനുസൃതമായാകും അന്വേഷണം. വിഷയം വിശദമായി പരിശോധിക്കുന്നതിനായി ഒന്നിലധികം മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി ഉന്നതതല സമിതി രൂപീകരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനും ഈ കമ്മിറ്റി പ്രവർത്തിക്കുമെന്നാണ് രാം മോഹൻ നായിഡു എക്സിലൂടെ അറിയിച്ചത്.