രാജ്യത്തെ ഞെട്ടിച്ച് ഗുജറാത്തിലുണ്ടായ വിമാന ദുരന്തത്തിൽ ജീവനക്കാരടക്കം 241 പേരാണ് കൊല്ലപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത രണ്ടുമിനിറ്റിനുള്ളിലാണ് എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനം തീഗോളമായി മാറിയത്.
ഏതാണ്ട് 645 അടി ഉയരത്തിൽ നിന്ന് വിമാനം താഴേക്ക് കൂപ്പുകുത്തി. ആ സമയത്തും വിമാനം ഉയർത്താനുള്ള പൈലറ്റിൻ്റെ പരിശ്രമം ദൃശ്യങ്ങളിൽ വ്യക്തം. ശ്രമം വിഫലമാകുന്നത് തിരിച്ചറിയുന്ന പൈലറ്റ് വിമാനത്തിൻ്റെ മുൻഭാഗം ഉയർത്തിപ്പിടിച്ച് ആഘാതം പരമാവധി കുറയ്ക്കാൻ ശ്രമിച്ചു. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപടരുകയായിരുന്നു.
അഹമ്മദാബാദ് നഗരത്തിലെ തിരക്കേറിയ ഭാഗത്ത് മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മീതെ മെസ് ഹാൾ തകർത്തുകൊണ്ടാണ് വിമാനം ഇടിച്ചിറങ്ങിയത്. ജീവൻ നഷ്ടപ്പെട്ടരുടെ കൂട്ടത്തിൽ എയർ ഇന്ത്യ ജീവനക്കാരും ഉൾപ്പെടുന്നു.
ക്യാപ്റ്റൻ സുമീത് സബർവാൾ
8,200 മണിക്കൂർ പറക്കൽ പരിചയമുള്ള വ്യക്തിയാണ് 50കാരനായ ക്യാപ്റ്റൻ സുമീത് സബർവാൾ. പരിചയ സമ്പന്നനായ ഇദ്ദേഹം മുംബൈയിലെ പവായിയിലാണ് താമസിക്കുന്നത്. തൻ്റെ വൃദ്ധനായ പിതാവിനെ പരിചരിക്കുന്നതിനായി ജോലി ഉപേക്ഷിക്കുമെന്ന തീരുമാനമെടുത്തിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ജോലിക്ക് പോകുമ്പോഴെല്ലാം തൻ്റെ അച്ഛനേ ശ്രദ്ധിച്ചേക്കണേ എന്ന് പറയുമായിരുന്നു, എന്ന് പ്രദേശവാസി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ
1,100 മണിക്കൂർ പറക്കൽ പരിചയമുള്ള 26 കാരനായ ഫസ്റ്റ് ഓഫീസറാണ് ക്ലൈവ് കുന്ദർ. ഭാവിയിൽ ഈ മേഖലയിൽ മികച്ച കരിയർ ക്ലൈവ് കുന്ദറിനും ഉണ്ടാകുമായിരുന്നു. ഇദ്ദേഹത്തിൻ്റെ അമ്മയും എയർ ഇന്ത്യ ഫ്ലൈറ്റ് അറ്റൻഡൻ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോങ്‌ബ്രൈലറ്റ്‌പം നഗന്തോയ് ശർമ്മ
തകർന്നുവീണ എയർ ഇന്ത്യാ വിമാനത്തിലെ ക്യാബിൻ ക്രൂ മെമ്പറായിരുന്നു കോങ്‌ബ്രൈലറ്റ്‌പം നഗന്തോയ് ശർമ്മ. തൗബൽ ജില്ലയിൽ നിന്നുള്ള 22 വയസ് മാത്രം പ്രായമുള്ള നഗന്തോയ് ശർമ്മ 2023 ഏപ്രിലിലാണ് ജോലിയിൽ പ്രവേശിച്ചത്. ഇംഫാലിൽ നടന്ന ക്യാമ്പസ് റിക്രൂട്ട്‌മെൻ്റിനിടെയാണ് ജോലിയിൽ തിരഞ്ഞെടുക്കപ്പെട്ടത്.
ജൂൺ 15 ന് തിരിച്ചുവരുമെന്ന് അവൾ ഞങ്ങളോട് പറഞ്ഞു. ഉയരങ്ങളിലേക്ക് പറക്കാനുള്ള അവളുടെ സ്വപ്നം ഒരു വർഷം കൊണ്ട് അവസാനിച്ചുവെന്ന് അവളുടെ സഹോദരി ഗീതാഞ്ജലിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ലാംനുന്തം സിംഗ്‌സൺ
മണിപ്പൂരിൽ നിന്നുള്ള 24 കാരിയായ ലാംനുന്തം സിംഗ്‌സൺ ഈ വർഷം ആദ്യമാണ് എയർ ഇന്ത്യയിൽ തൻ്റെ കരിയർ ആരംഭിച്ചത്. 2023 ൽ വംശീയ അക്രമത്തെത്തുടർന്ന് നാടുകടത്തപ്പെട്ട അവരുടെ കുടുംബം കാങ്‌പോക്പി ജില്ലയിലേക്കായിരുന്നു താമസം മാറിയത്. ഞാൻ എൻ്റെ ജോലിക്ക് വേണ്ടി അഹമ്മദാബാദിലേക്ക് പോകുന്നുവെന്നായിരുന്നു, അവളിൽ നിന്നുണ്ടായ അവസാന വാക്കുകളെന്ന് അവളുടെ അമ്മ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ദീപക് പഥക്
11 വർഷത്തിലേറെയായി ഫ്ലൈറ്റ് അറ്റൻഡന്റായി സേവനമനുഷ്ഠിക്കുന്ന 36 കാരനാണ് ദീപക് പഥക്. വിമാന യാത്രയ്ക്കും മുമ്പ് കുടുംബത്തെ വിളിക്കുന്നത് പതിവാക്കിയ ദീപക് പഥക് അപകടത്തിന് മുമ്പും വീട്ടുകാരോട് സംസാരിച്ചിരുന്നു.
സൈനീത ചക്രവർത്തി
ജുഹുവിലെ കോളിവാഡയിൽ താമസിക്കുന്ന 35 കാരിയായ സൈനീത ചക്രവർത്തിയെ 'പിങ്കി' എന്ന പേരിലാണ് എല്ലാവർക്കും പരിചിതമാകുന്നത്. ഗോ എയറിൽ ജോലി ചെയ്തിരുന്ന ഇവർ അടുത്തിടെയാണ് എയർ ഇന്ത്യയിൽ ചേർന്നത്.
മൈഥിലി മോരേശ്വർ പാട്ടീൽ
പൻവേലിലെ നവ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് മൈഥിലി പാട്ടീൽ ജനിച്ചത്. വെൽഡറായ അവളുടെ പിതാവ് അടുത്തിടെ ഒഎൻജിസി കരാർ ജോലി ലഭിച്ചു. മൈഥിലിക്ക് എയർ ഇന്ത്യയിൽ ജോലി ലഭിച്ചതോടെ കുടുംബത്തെ സാമ്പത്തികമായി മെച്ചപ്പെടുത്താൻ സാധിച്ചു.
എല്ലാ ബുദ്ധിമുട്ടുകളെയും മറികടന്നാണ് അവർ ഊ ജോലി നേടിയത്. അവൾ ഞങ്ങളുടെ അഭിമാനമായിരുന്നു. അവളുടെ ജീവിതം ഗ്രാമത്തിലെ നിരവധി പെൺകുട്ടികൾക്ക് പ്രചോദനമായെന്നും അവരെ പറക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും അയൽവാസി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
റോഷ്‌നി രാജേന്ദ്ര സോംഘരെ
സ്‌പൈസ് ജെറ്റിലെ പരിശീലനത്തിനും സേവനത്തിനും ശേഷം കഴിഞ്ഞ വർഷമാണ് റോഷ്‌നി സോങ്‌ഹാരെ എയർ ഇന്ത്യയിൽ ചേർന്നത്. 54,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള അവർ തന്റെ ജീവിതത്തിലെയും യാത്രകളിലെയും നിമിഷങ്ങൾ പങ്കുവെക്കുവെക്കുന്നത് അവർ ശീലമാക്കിയിരുന്നു. "അവൾ ഈ കരിയർ തിരഞ്ഞെടുത്തത് പറക്കാൻ ഇഷ്ടപ്പെട്ടതുകൊണ്ടാണെന്ന്" അവരുടെ അമ്മ പറഞ്ഞു.
അപർണ മഹാദിക്
എയർ ഇന്ത്യയ്ക്കു വേണ്ടി പറക്കുന്നതിനിടെയാണ് മുതിർന്ന ക്രൂ അംഗമായ അപർണ ഭർത്താവ് അമോൽ മഹാദിക്കിനെ കണ്ടുമുട്ടിയത്. പറക്കാൻ അതിയായ മോഹം ഇരുവർക്കും ഉണ്ടായിരുന്നു. ഇവർക്ക് എട്ടു വയസുകാരനായ ഒരു മകനും ഉണ്ട്.
കാബിൻ സൂപ്പർവൈസർ ശ്രദ്ധ ധവാൻ
ശ്രദ്ധ ധവാൻ വിമാനത്തിലെ ഏറ്റവും പരിചയസമ്പന്നരായ ക്രൂ അംഗങ്ങളിൽ ഒരാളായിരുന്നു. 44 കാരിയായ അവർ 21 വർഷം മുമ്പാണ് എയർ ഇന്ത്യയിൽ ചേർന്നത്. മുൻ ക്യാബിൻ ക്രൂ അംഗമായ ഭർത്താവിനും 13 വയസ്സുള്ള മകൾക്കുമൊപ്പം മുളുണ്ടിലാണ് അവർ താമസിച്ചിരുന്നത്.
മനീഷ താപ്പയും ഇർഫാൻ ഷെയ്ക്കും
ദാരുണമായ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 10 എയർലൈൻ ജീവനക്കാരിൽ യുവ ഗൂർഖ ക്യാബിൻ ക്രൂ അംഗമായ മനീഷ ഥാപ്പയും മറ്റൊരു ക്യാബിൻ ക്രൂ അംഗമായ ഇർഫാൻ ഷെയ്ഖും വിമാനത്തിലുണ്ടായിരുന്നു.