

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെ യാത്ര ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു. 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയും 2026-ലെ ടി20 ലോകകപ്പും നേടിയ സന്തോഷങ്ങള്‍ക്കൊപ്പം കനത്ത തോല്‍വികള്‍, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ തിരിച്ചടികള്‍ പരിശീലകന് എന്ന നിലയില്‍ ഗംഭീറിന് തിരിച്ചടിയായിരുന്നു.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആവേശകരമായ ഒരു ടി20 പരമ്പര കഴിഞ്ഞെങ്കിലും അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. കഴിഞ്ഞ നാലഞ്ച് മാസമായി വ്യത്യസ്ത ഫോര്‍മാറ്റുകളും സാഹചര്യങ്ങളും കളിക്കാരുടെ വ്യക്തിത്വങ്ങളും കൈകാര്യം ചെയ്തത് തന്നെ ചിലപ്പോഴൊക്കെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്ന് സമ്മതിക്കുകയാണ് ഗംഭീര്‍.
ഇത്തരം തളര്‍ച്ചകളെ കൈകാര്യം ചെയ്യാനും അതിജീവിക്കാനും തനിക്ക് കഴിയുമെന്നും ഗംഭീര്‍ പറഞ്ഞു. വെല്ലുവിളികളെ കുറിച്ച് ഗംഭീര്‍ പറഞ്ഞത് ഇങ്ങനെ, "സത്യസന്ധമായി പറഞ്ഞാല്‍ ചിലപ്പോഴൊക്കെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. പക്ഷെ, അതെല്ലാം കൈകാര്യം ചെയ്യാനുള്ള കരുത്ത് തനിക്കുണ്ട്. കഴിയുന്നിടത്തോളം കാലം അതൊക്കെ നേരിടാന്‍ കഴിയും. അങ്ങനെയാണ് ഞാന്‍ രൂപപ്പെട്ടത്. സമ്മര്‍ദവും ഏത് തിരിച്ചടിയും നേരിടാന്‍ എനിക്ക് കഴിയും. പക്ഷെ, ഞാനും മനുഷ്യനാണ്. ചിലപ്പോഴൊക്കെ തളര്‍ച്ച തോന്നും. ഇതുവരെ എല്ലാ സമ്മര്‍ദവും നേരിടാനായിട്ടുണ്ട്".
പ്ലേയിങ് ഇലവനില്‍ താരങ്ങളെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള സമ്മര്‍ദത്തെ കുറിച്ചും ഗൗതം ഗംഭീര്‍ തുറന്നു പറഞ്ഞു. പ്രതിഭാധനരായ താരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതും അത് അവരെ അറിയിക്കുന്നതും വെല്ലുവിളിയാണ്. പക്ഷെ, ജനപ്രിയമായ തീരുമാനം എടുക്കുന്നതിനേക്കാള്‍ ശരിയായ തീരുമാനം എടുക്കുന്നതാണ് പ്രധാനമെന്നും ഗംഭീര്‍.
"അതാണ് എന്റെ ജോലി. ശരിയായ തീരുമാനമെടുക്കുകയാണ് എന്റെ ദൗത്യം. അല്ലാതെ, ജനപ്രിയ തീരുമാനങ്ങളെടുക്കുകയല്ല. ഡ്രസ്സിങ് റൂമിലിരുന്ന് ആളുകള്‍ക്ക് താത്പര്യമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പമാണ്. പക്ഷെ, ഡ്രസ്സിങ് റൂം സുരക്ഷിതമാക്കുകയും ദീര്‍ഘകാലമായി മികച്ച പ്രകടനം കാഴ്ചവച്ച ആളുകള്‍ക്ക് പിന്തുണയും വ്യക്തതയും നല്‍കുക എന്നതാണ് എന്റെ ജോലി".
അത്തരം തീരുമാനങ്ങളെടുക്കുന്നത് ഒരിക്കലും എളുപ്പമല്ലെന്നും ഇന്ത്യന്‍ ടീം പരിശീലകന് സമ്മതിക്കുന്നു. പരിശീലകനെന്ന നിലയില്‍ താരങ്ങളെ തീരുമാനങ്ങള്‍ അറിയിക്കുന്നത് എല്ലായ്പ്പോഴും കഠിനമാണ്. എല്ലാ അന്താരാഷ്ട്ര ടീമുകള്‍ക്കും കഴിവുണ്ട്. സത്യസന്ധത, തുറന്നുപറച്ചില്‍, പൂര്‍ണ്ണമായും സുതാര്യത എന്നിവ തനിക്ക് നിര്‍ബന്ധമാണ്. അതാണ് ഒരു മുഖ്യ പരിശീലകന്റെ ജോലി. അങ്ങനെ ചെയ്യുന്നിടത്തോളം ആരുടെയും കണ്ണില്‍ നോക്കി ഏത് ചോദ്യത്തിനും ഉത്തരം നല്കാന് കഴിയുമെന്നും ഗംഭീര്‍ പറഞ്ഞു.
ന്യൂസിലന്റിനെതിരായ ടി20 യിലെ അവസാന മത്സരത്തില്‍ വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്നിലെത്തി വിജയം ഉറപ്പിച്ച സാഹചര്യത്തിലും നിലവിലെ ബാറ്റിങ് നിരയെ നിലനിര്‍ത്താനായിരുന്നു ഇന്ത്യന്‍ ടീമിന്റെ തീരുമാനം. എല്ലാവരേയും സന്തോഷിപ്പിക്കലല്ല, ശരിയായ തീരുമാനങ്ങളെടുക്കലാണ് തന്റെ ജോലി എന്നായിരുന്നു ചോദ്യങ്ങളോടുള്ള ഗംഭീറിന്റെ മറുപടി.