
ഓപ്പറേഷൻ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന ഡിജിസിഎ മുന്നറിയിപ്പിന് പിന്നാലെ മൂന്ന് മുതിർന്ന പ്രധാന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് എയർ ഇന്ത്യ. ജീവനക്കാർക്ക് വിശ്രമം അനുവദിക്കുന്നതിലും ഷിഫ്റ്റ് തീരുമാനിക്കുന്നതിലും വീഴ്ച വരുത്തിയെന്ന കണ്ടെത്തലിലാണ് നടപടി.
ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് എയർ ഇന്ത്യ മാറ്റിയത്. പേര് വെളിപ്പെടുത്താത്ത ഈ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി ആഭ്യന്തര അച്ചടക്ക നടപടികൾ ആരംഭിക്കാൻ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയോട് ഡിജിസിഎ ആവശ്യപ്പെട്ടിരുന്നു. ഇവർക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം എയർലൈന്റെ പ്രവർത്തനാനുമതി റദ്ദാക്കുമെന്ന മുന്നറിയിപ്പും ഡിജിസിഎ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
എയർ ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിന്റെ (ഐഒസിസി) ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഐ നടപടി സ്വീകരിച്ചത്. എയർലൈനിന്റെ ആഭ്യന്തര, അന്തർദേശീയ ശൃംഖലയിലുടനീളമുള്ള ജീവനക്കാരുടെ വിന്യാസം നിയന്ത്രിക്കുന്ന സംവിധാനമാണ് ഐഒസിസി. മെയ് 16നും മെയ് 17നും ബെംഗളൂരുവിൽ നിന്ന് ലണ്ടൻ ഹീത്രോയിലേക്ക് സർവീസ് നടത്തിയ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ 10 മണിക്കൂർ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി കടന്നതായാണ് ഓഡിറ്റ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിസിഎ എയർ ഇന്ത്യയുടെ അക്കൗണ്ടബിൾ മാനേജറിന് കാരണം കാണിക്കല്‍ നോട്ടീസും അയച്ചിരുന്നു.
നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനായിരുന്നു ഡിജിസിഎയുടെ നിർദേശം. നിശ്ചിത സമയത്തിനുള്ളില്‍ മറുപടി സമർപ്പിക്കുന്നതിൽ എയർ ഇന്ത്യ പരാജയപ്പെട്ടാല്‍ ലഭ്യമായി തെളിവുകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിലേക്ക് കടക്കുമെന്ന് ഡിജിസിഐ മുന്നറിയിപ്പും നല്‍കിയിരുന്നു. നിർദേശം അംഗീകരിക്കുന്നതായും ഉത്തരവ് നടപ്പിലാക്കിയെന്നും കാണിച്ച് എയർ ഇന്ത്യ മറുപടിയും നല്‍കി. സുരക്ഷാ പ്രോട്ടോക്കോളുകളും മറ്റ് മാനദണ്ഡങ്ങളും പാലിക്കാന്‍ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.