
യാദൃച്ഛികമെങ്കിലും അവിശ്വസനീയമായ ഒരു പത്ര പരസ്യത്തെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ച. കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് മുൻഭാഗം തള്ളിനിൽക്കുന്ന വിമാനത്തിന്റെ ചിത്രത്തോടെയുള്ള എയർ ഇന്ത്യയുടെ പരസ്യം. വിമാനാപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് മാത്രം അച്ചടിച്ച് വന്ന ഈ പരസ്യവും ദുരന്തചിത്രവും തമ്മിലുള്ള അസാധാരണ സാമ്യമാണ് ചർച്ചയാകുന്നത്.
ജൂൺ 12ന് ഗുജറാത്ത് എഡിഷനിലടക്കം പ്രസിദ്ധീകരിച്ച 'മിഡ് ഡേ' പത്രത്തിൻ്റെ ഒന്നാം പേജ് പരസ്യമാണിത്. കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന എയർ ഇന്ത്യ വിമാനത്തിന്റെ മുൻഭാഗം. മണിക്കൂറുകൾക്ക് ശേഷം ജൂൺ 13ന് രാവിലെ രാജ്യത്തെ എല്ലാ പത്രങ്ങളുടേയും ഒന്നാംപേജിൽ സമാനമായൊരു ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടു. പക്ഷേ അത് ലോകം തന്നെ ഞെട്ടിവിറച്ച അഹമ്മദാബാദ് വിമാനാപകടത്തിന്റേതായിരുന്നു. എയർ ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം 625 അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നതിനിടെ ഒരു ഹോസ്റ്റൽ കെട്ടിടത്തിനകത്തേക്ക് ഇടിച്ചു കയറിയ ചിത്രം. യാദൃച്ഛികമെങ്കിലും അവിശ്വസനീയമായ സമാനത.
മിഡ് ഡേ അടക്കം പ്രസിദ്ധീകരിച്ച പത്രപരസ്യം, കുട്ടികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. എയർ ഇൻഡ്യയുടെ സഹകരണത്തോടെ വ്യോമ മേഖലയെ സംബന്ധിച്ച വിവരങ്ങളും മറ്റും വിനോദപ്രദമായ രീതിയിൽ പഠിപ്പിക്കുന്ന പദ്ധതിയുടേതാണ് കിഡ്സാനിയ ഇൻഡ്യയുടെ പരസ്യം. കുട്ടികളില്‍ ആകാംക്ഷയുണര്‍ത്താന്‍ വേണ്ടി മാത്രം ചെയ്തതാണ് കെട്ടിടെ തുളച്ച് നില്‍ക്കുന്ന വിമാനത്തിന്റെ പത്രപ്പരസ്യ ഡിസൈൻ. കിഡ്സാനിയ ഇൻഡ്യ ഓഫീസിന്റെ മുൻഭാഗത്തെ ഡിസൈനും ഇങ്ങനെയാണ്.
രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടത്തിന്റെ ആഘാതത്തിലാണ് ഇന്ത്യ. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും സ്ഥിരീകരിക്കാനാകാത്ത വിധം വലിയ ദുരന്തം. ഏതായാലും വിമാന ദുരന്തത്തോടെ കിസ്ഡാനിയയുടെ പരസ്യം വ്യാപക ചർച്ചയായി.