ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായി, ഒരു എഞ്ചിൻ പ്രവർത്തിച്ചത് ഭാഗികമായി; അഹമ്മദാബാദ് വിമാനാപകടത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

വിമാനാപകടം നടന്ന് ഒരുമാസം തികയുമ്പോഴാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ അധികൃതർ പുറത്ത് വിടുന്നത്
Ahamadabad Plane crash
അഹമ്മദാബാദ് വിമാനാപകടംSource; News Malayalam 24x7
Published on

260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനാപകടത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. വിമാനം പറന്നുയർന്ന് 32 സെക്കൻ്റിൽ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വിച്ചുകൾ തകരാറാകാൻ സാധ്യതയുണ്ടെന്ന് 2018ൽ ഫെഡറൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടും എയർ ഇന്ത്യ പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനാപകടം നടന്ന് ഒരുമാസം തികയുമ്പോഴാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്‌ അധികൃതർ പുറത്ത് വിടുന്നത്.

ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നതും താൻ ഓഫ് ചെയ്തതല്ലെന്ന് സഹപൈലറ്റ് മറുപടി നൽകുന്നതും കോക്പിറ്റ് ഓഡിയോയിൽ വ്യക്തമാണ്. വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡായ സുമീത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും തമ്മിലാണ് ഈ സംഭാഷണം. എന്നാൽ ആരാണ് ചോദ്യം ചോദിച്ചതെന്നും ആരാണ് മറുപടി നൽകിയതെന്നും വ്യക്തമല്ല.

Ahamadabad Plane crash
അഹമ്മദാബാദ് വിമാനാപകടം: ദുരന്ത കാരണം ഈ പെട്ടിയിലുണ്ടായേക്കും; എന്താണ് ബ്ലാക്ക് ബോക്സ്?

സർവീസ് തുടങ്ങും മുൻപ് ഇരുവർക്കും മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. പൈലറ്റിനോ, സഹപൈലറ്റിനോ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിമാനത്തിലെ ഇന്ധനവും തൃപ്തികരമായ നിലയിലായിരുന്നു. യാത്രക്കാരെയും കൂടി ഉൾപ്പെടുത്തിയാൽ അനുവദനീയമായ ഭാരമേ വിമാനത്തിനുണ്ടായിരുന്നുള്ളൂവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിൽ കണ്ടതിന് പിന്നാലെ ഇത് ഓൺ ചെയ്തെങ്കിലും ഒരു എഞ്ചിൻ ഭാഗികമായാണ് പ്രവർത്തിച്ചത്. രണ്ടാമത്തെ എഞ്ചിൻ പ്രവർത്തിച്ചില്ല. 32 സെക്കൻ്റിൽ വിമാനം നിലംപതിച്ചു. യാന്ത്രികമായി സ്വിച്ചുകൾ പ്രവർത്തിക്കാനുള്ള സാധ്യതയില്ലെന്നാണ് വിവരം. ആരെങ്കിലും ഓഫ് ചെയ്‌തതാണോയെന്ന് വ്യക്തമല്ല. ദുരന്തം നടന്ന സമയത്ത് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയിരുന്നത്.

ജൂൺ 12നാണ് രാജ്യത്തെ ഞെട്ടിച്ച വിമാനാപകടം ഉണ്ടായത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തകർന്നുവീണത്. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. വിമാനം ജനവാസ മേഖലയിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ ആകെ 275 പേര്‍ കൊല്ലപ്പെട്ടതായിരുന്നു ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇവരില്‍ 241 പേര്‍ വിമാനയാത്രികരായിരുന്നു. 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്നവരാണ്. ഒരേയൊരു യാത്രക്കാരൻ മാത്രമാണ് ദുരന്തത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com