

മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാറിനെ തീരുമാനിച്ചു. ഉപമുഖ്യമന്ത്രിയായി സുനേത്ര നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
രാജ്യസഭാ എംപിയാണ് സുനേത്ര. ശനിയാഴ്ച നിയമസഭാ പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ സുനേത്രയെ നേതാവായി തീരുമാനിക്കുമെന്നും മന്ത്രി ഛഗന്‍ ഭുജ്പാല്‍ അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം സുനേത്രയ്ക്ക് എക്‌സൈസ്, സ്‌പോര്‍ട്‌സ് വകുപ്പുകള്‍ ലഭിക്കും. ധനകാര്യ വകുപ്പിന്റെ ചുമതല ഫഡ്‌നാവിസ് ഏറ്റെടുക്കും.
സുനേത്രയെ ഉപമുഖ്യമന്ത്രിയായി തീരുമാനിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചതായി ഛഗന്‍ ഭുജ്ബല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബുധനാഴ്ചയാണ് മഹാരാഷ്ട്രയിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ മൂലമുണ്ടായ കുറഞ്ഞ കാഴ്ചാപരിധിയാണ് അപകടത്തിന് കാരണമെന്നാണ് ഡിജിസിഎയുടെ പ്രാഥമിക നിഗമനം.
ബാരാമതി വിമാനത്താവളത്തില്‍ ടേബിള്‍ടോപ്പ് റണ്‍വേയുടെ അരികില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്. പവാറും കൂടെയുണ്ടായിരുന്ന നാല് പേരും മരിച്ചു.