

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി ശിവസേന സഖ്യത്തിനൊപ്പം ചേര്‍ന്ന എന്‍സിപിയുടെ തലവനുമായ അജിത് പവാറിന്റെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ബാരാമതിയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട വിമാനം അടിയന്തര ലാന്‍ഡിങ്ങ് നടത്തുന്നതിനിടെയാണ് തകർന്നു വീണത്.
രണ്ടായി പിളര്‍ന്ന് ഭരണപക്ഷത്തിനൊപ്പവും പ്രതിപക്ഷത്തിനൊപ്പവും ഇരിക്കുന്ന 'എന്‍സിപി' ഒന്നിക്കുമെന്ന ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം. ഒരുകാലം വരെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായിരുന്നു അവിഭക്ത എന്‍സിപി. എന്നാൽ 2023ൽ അജിത് പവാറും സംഘവും ബിജെപി-ശിവസേന സര്‍ക്കാരിനൊപ്പം ചേർന്നതോടെ എൻസിപി പിളർന്നു.
എന്നാല്‍ അടുത്തിടെ പവാര്‍ കുടുംബത്തിലെ പരിപാടികളില്‍ അജിത് പവാര്‍ പങ്കെടുത്തതു മുതല്‍ തന്നെ ശരദ് പവാറും അജിത് പവാറും തമ്മില്‍ പ്രശ്‌നങ്ങള്‍ അയയുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് 'കുടുംബം വേറെ, രാഷ്ട്രീയം വേറെ' എന്നായിരുന്നു അജിത് പവാര്‍ നല്‍കിയ മറുപടി.
ഇതിന് പിന്നാലെ തന്നെ ഇരുവിഭാഗവും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പരന്നു. അജിത് പവാര്‍ ശരദ് പവാര്‍ പക്ഷത്തിനൊപ്പം ചേരുമെന്നും മഹാ വികാസ് അഘാഡിയിലേക്ക് തിരിച്ചെത്തുമെന്നുമുള്ള സൂചനകളും പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച ഉദ്ധവ് താക്കറെ വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവത്തും സമാനമായ പ്രതീക്ഷ മുന്നോട്ട് വച്ചിരുന്നു. അജിത് പവാര്‍-ശരദ് പവാര്‍ പക്ഷം എന്‍സിപികള്‍ വീണ്ടും ഒരുമിക്കുമെന്നും മഹാ വികാസ് അഘാഡിക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജിത് പവാറിന് ഏറെക്കാലം രണ്ട് കസേരകളിലായി ഇരിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു സഞ്ജയ് റാവത്ത് പറഞ്ഞത്.
യഥാര്‍ഥ എന്‍സിപിക്കായുള്ള വാദവും ചിഹ്ന തര്‍ക്കവും
2023ലാണ് ശരദ് പവാര്‍ നയിച്ചിരുന്ന എന്‍സിപിയില്‍ നിന്നും അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബിജെപി-ശിവസേന സര്‍ക്കാരിനൊപ്പം പോയപ്പോള്‍ രണ്ട് എന്‍സിപി വിഭാഗവും തമ്മിലുണ്ടായ തര്‍ക്കം ആരാണ് യഥാര്‍ഥ എന്‍സിപി എന്നതായിരുന്നു. ഇരുപക്ഷവും തങ്ങളാണ് യഥാര്‍ഥ എന്‍സിപിയെന്ന് വാദിച്ചു. ഒടുവില്‍ 2024ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയുടെ ചിഹ്നമായ ക്ലോക്ക് അജിത് പവാര്‍ പക്ഷത്തിന് നല്‍കുകയും ശരദ് പവാറിന്റെ എന്‍സിപി വിഭാഗത്തെ എന്‍സിപി (ശരദ്ചന്ദ്ര പവാര്‍) എന്ന് പുതുക്കുകയും ചെയ്തു.
2019ല്‍ തന്നെ അജിത് പവാര്‍ എന്‍സിപിയില്‍ നിന്നും വിമത സ്വരം ഉയര്‍ത്തിയിരുന്നു. എന്‍സിപിയില്‍ നിന്നും പുറത്തുപോയ അജിത് പവാര്‍ ബിജെപി സര്‍ക്കാരിനൊപ്പം ചേരുകയും ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നാല്‍ വെറും 80 മണിക്കൂര്‍ മാത്രമുണ്ടായിരുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ താഴെ വീണതോടെ എന്‍സിപി പാളയത്തിലേക്ക് തിരികെയെത്തുകയായിരുന്നു അജിത് പവാര്‍. എന്നാല്‍ ആശയപരമായ വ്യതിയാനവും തര്‍ക്കവും അജിത് പവാറിനെയും എട്ട് എംഎല്‍എമാരെയും എന്‍സിപി വിടാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ ഒരുമിക്കല്‍
അടുത്തിടെ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും ഇരു വിഭാഗവും ഒന്നിച്ചിരുന്നു. 'പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായി 'ക്ലോക്കും' 'തുതാരി'യും (കാഹളം) ഒന്നിച്ചു. കുടുംബം ഒന്നിച്ചു,' എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അജിത് പവാര്‍ പറഞ്ഞത്.
ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) കഴിഞ്ഞാല്‍ മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നമായ കോര്‍പ്പറേഷനായി കണക്കാക്കപ്പെടുന്ന പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 2017 മുതല്‍ ശരദ് പവാറിന്റെ അവിഭക്ത എന്‍സിപിയാണ് ഭരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും പ്രചാരണ റാലികളില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും അജിത് പവാര്‍ പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ എന്‍സിപിക്ക് സാധിച്ചില്ല. എന്ന് മാത്രമല്ല, ബിജെപിക്കായിരുന്നു മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മുന്‍കൈ ഉണ്ടായിരുന്നത്.
ഇരു പക്ഷവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കുറഞ്ഞെന്ന് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അജിത് പവാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ശരദ് പവാറുമായി ഒരുമിക്കുന്നതിന്റെ സൂചനകളും പങ്കുവച്ചിരുന്നു. രാഷ്ട്രീയത്തില്‍ 'കൂട്ടിച്ചേര്‍ക്കലുകളേ ഉള്ളു', എന്നായിരുന്നു അജിത് പവാറിന്റെ പരാമര്‍ശം. നേരത്തെ മറ്റൊരു എന്‍സിപി നേതാവും അജിത് പവാറും അമ്മാവന്‍ ശരദ് പവാറും തമ്മിലുള്ള ബന്ധത്തില്‍ ഇപ്പോള്‍ വിള്ളലുകളില്ലെന്നും എന്നാല്‍ പുനസമാഗമത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കള്‍ ഇല്ലെന്നാണ് എന്‍സിപി നേതാവ് പറഞ്ഞത്.
മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ വലിയ പ്രാധാന്യമുള്ള ഇരു രാഷ്ട്രീയ പക്ഷങ്ങള്‍ ഒന്നിക്കുമെന്ന സൂചനകള്‍ വന്നുകൊണ്ടിരുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ അജിത് പവാറിന്റെ മരണവാര്‍ത്ത പുറത്തുവരുന്നത്. എന്‍സിപിക്കൊപ്പം നില്‍ക്കുന്ന മറ്റു നേതാക്കള്‍ ശരദ് പവാര്‍ പക്ഷത്തേക്ക് തന്നെ മടങ്ങുമോ എന്നതാണ് ഇനി കാണേണ്ടത്.