

ഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്വാൻ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതിനെ തുടർന്ന് വിവിധയിടങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിലെ ഏഴ് ജില്ലകളിലും പുതുച്ചേരിയിലെ യാനത്തുമാണ് നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. പുലർച്ചെയോടെയാണ് അക്വാൻ തീവ്ര ചുഴലിക്കാറ്റായി മാറിയത്.
കേരളത്തിലെ ഒരു ജില്ലയിലും വരുന്ന ഒരാഴ്ച പ്രത്യേക മഴ മുന്നറിയിപ്പില്ല. എങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത.
വിശാഖപട്ടണത്ത് നിന്ന് 610 കിലോമീറ്റർ അകലെയും ഒഡിഷയിലെ ഗോപാൽപൂരിൽ നിന്ന് 730 കിലോമീറ്റർ അകലെയുമാണ് നിലവിൽ അക്വാൻ ചുഴലിക്കാറ്റിൻ്റെ സ്ഥാനം. മറ്റന്നാൾ ഉച്ചയോടെ നെല്ലൂരിനും ടുണിക്കും ഇടയിൽ ആന്ധ്രാപ്രദേശ്-യാനം തീരങ്ങളിൽ മണിക്കൂറിൽ 130 മുതൽ 145 കിലോമീറ്റർ വരെ വേഗതയിൽ വീശി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അക്വാൻ ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, 18/11/2026 മുതൽ 21/11/2026 വരെ യാതൊരു കാരണവശാലും ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.