

ഉത്തർപ്രദേശിലെ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ക്യാമ്പസിലെ അധ്യാപകനായ ഡാനിഷ് റാവു വെടിയേറ്റ് മരിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഡാനിഷ് റാവു മരിച്ചതിനുശേഷവും തോക്കുധാരികൾ അദ്ദേഹത്തിൻ്റെ തലയിലേക്ക് നിർത്താതെ വെടിയുതിർക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.
എഎംയു ക്യാമ്പസിലെ എബികെ ഹൈസ്കൂളിൽ 11 വർഷമായി റാവു കമ്പ്യൂട്ടർ സയൻസ് അധ്യാപകനായിരുന്നു റാവു. ബുധനാഴ്ച രാത്രി മറ്റ് രണ്ട് സഹപ്രവർത്തകരോടൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് സ്കൂട്ടറിലെത്തിയ അക്രമകാരികൾ അധ്യാപകന് നേരെ വെടിയുതിർത്തത്.
സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കെന്നഡി ഹാളിന് മുന്നിൽ ഒരു സംഘം പെട്ടെന്ന് ചിതറി മാറുന്നതും വെടിയേറ്റ് റോഡിൽ നിർജീവമായി കിടക്കുന്ന അധ്യാപകൻ്റെ നെറ്റിയിൽ അക്രമികളിൽ ഒരാൾ കുനിഞ്ഞ് വെടിയുതിർക്കുന്നതും കാണാം. കുറഞ്ഞത് ആറ് തവണയെങ്കിലും വെടിയുതിർക്കുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം.
രണ്ട് അക്രമികൾ ചേർന്നാണ് റാവുവിനെ വെടിവച്ചതെന്നും പൊലീസ് അറിയിച്ചു. നിങ്ങൾക്ക് ഇതുവരെ എന്നെ മനസ്സിലായിട്ടില്ല, ഇനി മനസിലായിക്കോളും എന്നും അക്രമികളിലൊരാൾ വെടിവെക്കുന്നതിന് മുമ്പ് അധ്യാപകനോട് പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ ക്യാമ്പസിലൂടെ ചിതറിയോടുകയും ചെയ്തിരുന്നു.
ഉടൻ തന്നെ അധ്യാപകനെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. അക്രമികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പൊലീസ് ആറ് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.