

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിൻ്റെ പരാജയങ്ങൾക്ക് രാഹുൽ ഗാന്ധി എസ്ഐആറിനെ കുറ്റപ്പെടുത്തുന്നത് നിർത്തണം. 2024 മുതലാണ് എസ്ഐആർ ആരംഭിച്ചത്. എന്നാൽ രാഹുൽ ഗാന്ധി നേതൃസ്ഥാനത്തേക്ക് വന്നത് മുതൽ കോൺഗ്രസ് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയാണെന്നും അമിത് ഷാ പരിഹസിച്ചു.
പരാജയങ്ങളെ നരേന്ദ്ര മോദിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും മേൽ ചാരാതെ ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ പറഞ്ഞു. 2029 ലോക്സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പരാജയപ്പെടും. വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ ഡൽഹിയിൽ ഒന്നിച്ചുകൂട്ടി റാലി സംഘടിപ്പിച്ചതുകൊണ്ട് മാത്രം രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിൻ്റെ യഥാർഥ ശബ്ദം ഗ്രാമങ്ങളിലും വയലുകളിലുമാണ്.
എന്നാൽ അവിടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്ഐആറിൻ്റെ പേരിൽ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന നടപടി നിർത്തണം. മുൻപ് ഭരണത്തിലുണ്ടായിരുന്ന ഗുജറാത്തിൽ കഴിഞ്ഞ 41 വർഷമായി ഒരൊറ്റ തെരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. എസ്ഐആർ പ്രാബല്യത്തിൽ വന്നത് 2024-ന് ശേഷമാണ്. എന്നിട്ടും തോൽവിക്ക് എസ്ഐആറിനെ കുറ്റം പറയുന്നതിൽ അർഥമില്ലെന്നും അമിത് ഷാ തിരിച്ചടിച്ചു.