17,000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനി,, ഇഡിയ്ക്ക് മുന്നിൽ ഹാജരായി. വിശദമായി ചോദ്യം ചെയ്തുവെന്നും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.. അനുമതിയില്ലാതെ രാജ്യം വിടരുതെന്നും അംബാനിയോട് ED ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകേസിൽ നേരത്തെ അനിൽ അംബാനി ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ ED റെയ്ഡ് ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകൾ സിബിഐയുടെ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്നാണ് ഇഡി സാമ്പത്തിക വഞ്ചനാകുറ്റത്തിൽ ഇടപെട്ടത്. വിവിധ വായ്പകളിലൂടെ ബാങ്കുകളെ കബളിപ്പിച്ച് 17000 കോടി രൂപ സമാഹരിച്ചുവെന്നാണ് കേസ്. ജൂലൈ 24 ന് റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ളതും ഇടപാടുകൾ നടന്നതുമായ 35 സ്ഥാപനങ്ങളിലും 50 കമ്പനികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. നിരവധി രേഖകളും പിടിച്ചെടുത്തു. തുടർന്നാണ് അനിൽ അംബാനിയെ ചോദ്യം ചെയ്തത്. വായ്പയെടുത്തത് ഷെൽ കമ്പനികളുടേയോ കടലാസ് കമ്പനികളുടേയോ പേരിലായിരുന്നു എന്നാണ് കണ്ടെത്തൽ.
2017-2019 കാലയളവിൽ അനിൽ അംബാനി ഗ്രൂപ്പ് കമ്പനികൾക്ക് യെസ് ബാങ്ക് നൽകിയ 3,000 കോടി വായ്പ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചതിൽ യെസ് ബാങ്കിനെതിരെയും അന്വേഷണമുണ്ട്. ചില ബാങ്ക് ഉദ്യോഗസ്ഥരെ അനിൽ അംബാനി ഗ്രൂപ്പ് വിലക്കെടുത്തെന്നാണ് കണ്ടെത്തൽ. 2017 മുതൽ 2019 വരെയുള്ള യെസ് ബാങ്ക് ഇടപാടുകളാണ് ഇഡി തെരഞ്ഞത്. 13 ഓളം പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ അനിൽ അംബാനി ഗ്രൂപ്പിന് നൽകിയ വായ്പകളുടെ വിശദാംശങ്ങളും ഇഡി പരിശോധിച്ചു.
എസ് ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, യുസിഒ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിൽ നിന്നും വിവരങ്ങളെടുത്തു. റിലയൻസ് ഹൗസിംഗ് ഫിനാൻസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നിവയ്ക്ക് അനുവദിച്ച വായ്പാ നടപടി ക്രമങ്ങളാണ് പരിശോധിച്ചത്. സെബി, നാഷണൽ ഹൗസിങ് ബാങ്ക്, നാഷണൽ ഫിനാൻസിങ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ പരാതികളും നിലവിലുണ്ട്. അനിൽ അംബാനി ഗ്രൂപ്പിലെ 25 ഓളം പേരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
68.2 കോടി രൂപയുടെ വ്യാജ ഗ്യാരണ്ടി കേസിൽ ബിസ്വാൾ ട്രേഡ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എംഡി പാർത്ഥസാരഥി ബിസ്വാളിനെ ഓഗസ്റ്റ് 1 ന് അറസ്റ്റ് ചെയ്തിരുന്നു. റിലയൻസ് പവറിന് വേണ്ടി കള്ളപ്പണം വെളിപ്പിക്കാൻ വ്യാജ ഗ്യാരണ്ടി നൽകിയതിനാണ് അറസ്റ്റ്.. റിലയൻസ് പവറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറും വഞ്ചനാ കേസുകളിൽ പെടുന്നത് ഇതാദ്യമല്ല. ചോദ്യം ചെയ്യലിനായി വീണ്ടും അനിൽ അംബാനിയെ വിളിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.