

അറബിക്കടലിൽ ലക്ഷദ്വീപിനു പടിഞ്ഞാറു ഭാഗത്ത് കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ഇറാനിയൻ ബോട്ടിൽ നിന്ന് 526 കിലോഗ്രാം മെത്താംഫെറ്റാമൈനും ഹെറോയിനുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 3,000 കോടി രൂപയിലധികം വില വരുമെന്നാണ് റിപ്പോര്‍ട്ട്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പാക്കിസ്ഥാൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തു.
ഈ മാസം 25ന് നടന്ന ആഴക്കടൽ ഓപ്പറേഷനിലാണ് ഇറാനിയൻ ബോട്ടിലെ ലഹരിക്കടത്ത് പിടിച്ചത്. കടൽമാർഗം ഇന്ത്യയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതായുള്ള ഗുജറാത്ത് എടിഎസിന്റെ രഹസ്യവിവരത്തെ തുടർന്ന് അറബിക്കടലില്‍ കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. അങ്ങനെയാണ് സംശയാസ്പദമായി നീങ്ങുന്ന ഇറാനിയൻ ബോട്ട് കണ്ടെത്തിയത്. ബോട്ടിനെ പിന്തുടര്‍ന്നാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്.
ബോട്ടും പിടിച്ചെടുത്ത മയക്കുമരുന്നും കസ്റ്റഡിയിലെടുത്ത അഞ്ചുപേരെയും മുംബൈ തുറമുഖത്തേക്ക് കൊണ്ടുപോയി. മറ്റു വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മയക്കുമരുന്നിന്റെ ഉറവിടം, ഇടനിലക്കാര്‍ ഉള്‍പ്പെടെ വിവരങ്ങളും പുറത്തുവന്നിട്ടില്ല. കടൽമാർഗമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടികളുടെ ഭാഗമായാണ് ഓപ്പറേഷനെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.