

ഇന്ത്യയിലെ പുതിയ അപ്പസ്തോലിക് നുൺഷ്യോയായി ആർച്ച്ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെ നിയമിച്ചു. ഏറെക്കാലമായി പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് എട്ടുമാസമാസത്തിന് ശേഷം ഇന്ത്യയിൽ വത്തിക്കാൻ സ്ഥാനപതിയെ നിയമിക്കുന്നത്.
1968 ഫെബ്രുവരി 6 ന് പോളണ്ടിലെ വീക്ബോർക്കിൽ ജനിച്ച അദ്ദേഹം 1993 മെയ് 30ന് പെൽപ്ലിൻ രൂപതയുടെ പുരോഹിതനായിരുന്നു. ടാൻസാനിയ (2000-2003), നിക്കരാഗ്വ (2003-2005), ബോസ്നിയ-ഹെർസഗോവിന, മോണ്ടിനെഗ്രോ (2005-2010), ഇസ്രായേൽ, പലസ്തീൻ, സൈപ്രസ് (2010-2013)എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. നിലവിൽ സെനഗൽ, കേപ് വെർഡെ, ഗിനിയ ബിസാവു, മൗറിറ്റാനിയ എന്നിവിടങ്ങളിലെ വത്തിക്കാൻ സ്ഥാനപതി കൂടിയാണ്.
2018-ൽ നിക്കരാഗ്വയിൽ ആഭ്യന്തര കലാപം നടക്കുന്ന സമയത്താണ് അദ്ദേഹം അവിടെ സ്ഥാനപതിയായി നിയമിക്കപ്പെട്ടത്. അന്ന് അവിടെ അദ്ദേഹം 500-ലധികം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ ഇടപെട്ടു എന്ന് വിദ്യാർഥി സംഘടനകൾ പറയുന്നു. അതിന്റെ പേരിൽ 2022 മാർച്ച് 6ന് ഒർട്ടേഗ സർക്കാർ അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. വത്തിക്കാൻ അന്ന് ഈ നടപടിയെ ഗുരുതരവും ന്യായീകരിക്കാനാവാത്തതും എന്നാണ് വിശേഷിപ്പിച്ചത്.