

കൊൽക്കത്തയിൽ തകർന്നടിയാൻ തുടങ്ങിയ കൊളോണിയൽ കെട്ടിടങ്ങൾക്കിടയിലൂടെ പതിറ്റാണ്ടുകളായി നീങ്ങുന്ന ട്രാമുകൾ അപ്രത്യക്ഷമാകാൻ പോകുകയാണ്. നഗരത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ട്രാമുകളിൽ അവശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്. ഡല്‍ഹി, മുംബൈ,കാണ്‍പൂര്‍ എന്നിവിടങ്ങളിൽ സർവീസ് നടത്തിയിരുന്ന ഈ സംവിധാനം നിലവിൽ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏകനഗരവും കൊല്‍ക്കത്തയാണ്.
തലമുറകളായി കൊൽക്കത്തയുടെ ജീവനാഡിയാണ് ട്രാം പാതകൾ. നഗരത്തിൻ്റെ കൊളോണിയൽ ഭൂതകാലത്തിൻ്റെ ജീവനുള്ള സാക്ഷ്യം. തിരക്കേറിയ തെരുവുകളിലൂടെ ഡിംഗ്-ഡിംഗ് ശബ്ദം മുഴക്കിക്കൊണ്ട് ട്രാം നീങ്ങും. 1970-കളിൽ 52 റൂട്ടുകളിൽ പ്രവർത്തിച്ചിരുന്ന ട്രാം സർവീസുകൾ 2015-ൽ വെറും 25 ആയി ചുരുങ്ങി, ഇന്ന് അവശേഷിക്കുന്നത് രണ്ടെണ്ണം മാത്രം.ഇവകൂടി ഉടൻ അപ്രത്യക്ഷമാകാനും ഇടയുണ്ട്.
ലോകത്തിൽ തന്നെ നിലനിൽക്കുന്ന അവസാന ട്രാം ശൃംഖലകളിൽ ഒന്നിനോട് എന്നന്നേക്കുമായി വിടപറയാൻ തയാറെടുക്കുകയാണ് കൊൽക്കത്ത. 2024 ൽ ആണ് ഗതാഗതക്കുരുക്ക് വഷളായതായി ചൂണ്ടിക്കാട്ടി ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ഇന്ത്യയിലെ അവസാനത്തേതുമായ ട്രാം സംവിധാനം ഡീ കമ്മീഷൻ ചെയ്യാനുള്ള പദ്ധതികൾ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചത്. പൈതൃക സംരക്ഷണ പ്രവർത്തകരും ട്രാമുകളെ സ്നേഹിക്കുന്നവരും ഇതിനെതിരെ നിയമ പോരാട്ടത്തിലേക്ക് കടന്നു. ഇപ്പോഴും വിഷയം കൊൽക്കത്ത ഹൈക്കോടതിയുടെ പരിഗണനയിലാണ്.
1873 ലാണ് കൊൽക്കത്തയിലെ ആദ്യ ട്രാം സർവീസ് പ്രവർത്തനം ആരംഭിച്ചത്. 1902-ൽ വൈദ്യുതീകരിച്ചു. ഒരു സവാരിക്ക് ഇപ്പോൾ മിനിമം ചാർജ് ഏഴ് രൂപയാണ് . ബസ് ചാർജിനേക്കാൾ കുറവ്. ഇന്നും കൊൽക്കത്തയിൽ ഒരു നൊസ്റ്റാൾജിക് യാത്ര ആസ്വദിക്കാനായി ട്രാമിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. 90 കളിൽ ആദ്യമായി ജോലിയിൽ ചേരുമ്പോൾ 340 ട്രാമുകൾ കൊൽക്കത്തയിൽ ഓടിയിരുന്നു എന്ന് ഓർക്കുകയാണ് ട്രാമിൽ 36 വർഷമായി കണ്ടക്ടറായി ജോലി ചെയ്യുന്ന ബച്ചു സിദ്ധ. ക്രമേണ ഇത് 7-8 ട്രാമുകളായി കുറഞ്ഞു.
പലർക്കും, ട്രാമുകൾ യാത്രോപാധിയേക്കാൾ വലുതാണ്. ട്രാം സർവീസ് സംരക്ഷിക്കുന്നതിനായി 2016 മുതൽ പ്രചാരണം നടത്തുകയാണ് ജേണലിസം വിദ്യാർഥിയും കൽക്കട്ട ട്രാം യൂസേഴ്‌സ് അസോസിയേഷൻ അംഗവുമായ 19 കാരനായ ദീപ് ദാസ്.
ഗരിയാഹട്ടിലെ ഒരു ഡിപ്പോ മാത്രമേ പ്രവർത്തനക്ഷമമായുള്ളൂ. റോഡിലേക്ക് പുതിയ വാഹനങ്ങളുടെ കടന്നുവരവും സാമ്പത്തിക പ്രതിസന്ധിയും യാത്രക്കാരുടെ കുറവുമാണ് ട്രാമുകളുടെ യാത്രയ്ക്ക് സഡന്‍ ബ്രേക്കിടാൻ കാരണം. പക്ഷെ ഇപ്പോഴും കൊല്‍ക്കത്തയിലേക്കെത്തുന്ന സഞ്ചാരികളുടെ 'ഡു ലിസ്റ്റില്‍' ട്രാം യാത്ര ഒന്നാമത് തന്നെയാണ് .