

സൈനികർക്കും ഓഫീസർമാർക്കും സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച കാര്യത്തിലെ കർശന നിയന്ത്രണത്തിൽ മാറ്റം വരുത്തി ഇന്ത്യൻ സൈന്യം. സൈനികർക്കും ഉദ്യോഗസ്ഥർക്കും ഇനി മുതൽ ഇൻസ്റ്റാഗ്രാം കാണുന്നതിനും നിരീക്ഷിക്കുന്നതിനും സാധിക്കും. എന്നാൽ, സൈനിക അവർക്ക് പോസ്റ്റ് ചെയ്യാനോ മറ്റു പോസ്റ്റുകളിൽ ലൈക്കോ ചെയ്യാനോ കമൻ്റ് ചെയ്യാനോ കഴിയില്ല.
എല്ലാ സൈനിക യൂണിറ്റുകൾക്കും വകുപ്പുകൾക്കും ഈ നിർദേശങ്ങൾ നൽകിയതായും വൃത്തങ്ങൾ അറിയിച്ചു. സൈനികർക്ക് അവരുടെ സ്വന്തം അവബോധത്തിനും വിവരം ശേഖരിക്കുന്നതിനുമായാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്. വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പോസ്റ്റുകൾ മുതിർന്ന ഉദ്യോഗസ്ഥരിലേക്ക് റിപ്പോർട്ട് ചെയ്യുവാൻ കൂടിയാണ് ഇളവ്.
സുരക്ഷാ സംബന്ധമായ കാരണങ്ങളാൽ ഫേസ്ബുക്ക്, എക്സ് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ സൈന്യം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സൈനികരെ വിദേശ ഏജൻസികൾ ഹണി ട്രാപ്പുകളിൽ പെടുത്തി തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുന്നതുമായി ബന്ധപ്പെട്ടാണ് സോഷ്യൽ മീഡിയകളിൽ സൈനികർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.
2019 വരെ സൈനികർക്ക് ഒരു സോഷ്യൽ മീഡിയ ഗ്രൂപ്പിലും ഭാഗമാകാൻ അനുവാദമുണ്ടായിരുന്നില്ല. നിരവധി സോഷ്യൽ മീഡിയ ദുരുപയോഗ കേസുകൾക്ക് ശേഷം, 2020 ൽ സൈന്യം നിയമങ്ങൾ കർശനമാക്കുകയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെ 89 മൊബൈൽ ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്യുവാൻ സൈനികർക്ക് നിർദേശം നൽകുകയും ചെയ്തു. കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, കർശനമായ നിരീക്ഷണത്തോടെ ഫേസ്ബുക്ക്, യൂട്യൂബ്, എക്സ്, ലിങ്ക്ഡ്ഇൻ, ക്വോറ, ടെലിഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ ചില പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സൈന്യം അനുവദിച്ചിരുന്നു.
സൈന്യത്തിന് ഇതിനകം തന്നെ സ്വന്തമായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ട്. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, സൈനികർക്ക് ഇപ്പോൾ പൊതുവായ വിവരങ്ങൾക്കായി ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാം. വിവരങ്ങൾ ശേഖരിക്കുന്നതിനും, അവരുടെ റെസ്യൂമെകൾ അപ്‌ലോഡ് ചെയ്യുന്നതിനും, പ്രൊഫഷണൽ അവസരങ്ങൾ തേടുന്നതിനും അവർക്ക് സാധിക്കും. എന്നാൽ എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും കർശനമായി പാലിക്കേണ്ടത് നിർബന്ധമാണ്.