

ന്യൂഡല്‍ഹി: അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഡാനിഷ് അലിയെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത് ക്യാംപസിനകത്ത് വച്ചാണ്. ഡാനിഷ് അലിയെ വെടിവയ്ക്കുന്നതിന് തൊട്ടുമുമ്പ് പ്രതികളിലൊരാള്‍ പറഞ്ഞത്, ഇതുവരെ നിങ്ങള്‍ക്കെന്നെ മനിസിലായില്ലേ എന്നാണെന്ന് ഒപ്പമുണ്ടായിരുന്നയാൾ പറഞ്ഞു.
'നിങ്ങള്‍ക്ക് ഇതുവരെ എന്നെ മനസിലായില്ലല്ലേ..., ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും,' എന്ന് വെടിവച്ചവരില്‍ ഒരാള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിൽ നിഗൂഢത തുടരുകയാണ്.
രണ്ട് പേര്‍ ബൈക്കിലെത്തിയാണ് അധ്യാപകനെ കൊലപ്പെടുത്തിയത്. ഇവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ക്യാംപസിനകത്ത് വച്ച് ഇന്നലെ രാത്രിയാണ് സംഭവം. സഹ അധ്യാപകരോടൊപ്പം ക്യാംപസില്‍ നടക്കാനിറങ്ങിയപ്പോഴാണ് കംപ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ ഡാനിഷ് റാവുവിനെ ബൈക്കിലെത്തിയ രണ്ട് പേര്‍ തലയ്ക്ക് വെടിവച്ചത്. രണ്ട് പേരും ചേര്‍ന്ന് മൂന്ന് തവണ അധ്യാപകന്റെ തലയ്ക്ക് നേരെ വെടിയുതിര്‍ത്തു.
'രാത്രി ഒന്‍പത് മണിയോടെ ക്യാംപസിലെ ലൈബ്രറിക്ക് സമീപം വെടിവെപ്പ് നടക്കുന്നുവെന്ന വിവരം അറിഞ്ഞാണ് അവിടെ എത്തിയത്. വെടിയേറ്റ ആളെ ചികിത്സയ്ക്കായി കൊണ്ടുപോയി. റാവു ഡാനിഷ് അലി എന്നയാള്‍ക്കാണ് വെടിയേറ്റതെന്ന് തിരിച്ചറിഞ്ഞു. സര്‍വകലാശാലയിലെ എബികെ സ്‌കൂളിലെ അധ്യാപകനാണ്. തലയ്ക്കാണ് വെടിയേറ്റത്. മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെടുകയും ചെയ്തു,' സര്‍വകലാശാല അധ്യാപകന്‍ മുഹമ്മദ് വാസിം അലി പറഞ്ഞു.
സഹപ്രവര്‍ത്തകരോടൊപ്പം രാത്രിയില്‍ നടക്കാനിറങ്ങിയതായിരുന്നു ഡാനിഷ് അലി. മൗലാനാ ആസാദ് ലൈബ്രറിക്ക് സമീപമുള്ള കാന്റീനിടുത്ത് വെച്ചാണ് ഡാനിഷിന് വെടിയേറ്റതെന്ന് ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.