

അരുണാചൽ പ്രദേശ് സ്വദേശി പേം വാങ് തോങ്ടോക്കിയെ ഷാങ്ഹായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചതിൽ ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈന നിഷേധിച്ചാൽ യാഥാർഥ്യം മാറില്ലെന്നും വിദേശകാര്യവക്താവ് രൺധീപ് ജയ്സ്വാൾ വ്യക്തമാക്കി.യുവതിയെ തടഞ്ഞുവച്ച നടപടി അസംബന്ധമാണെന്നും ഇന്ത്യ പ്രതികരിച്ചു.
അരുണാചൽ പ്രദേശ് ജന്മസ്ഥലമെന്ന് രേഖപ്പെടുത്തിയ പാസ്പോർട്ട് അസാധുവാണെന്ന് ആരോപിച്ചാണ് യുവതിയെ ചൈന 18 മണിക്കൂറോളം തടഞ്ഞുവെച്ചത്. പാസ്പോർട്ടിൽ ജന്മസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് അടയാളപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നുമായിരുന്നു അധികൃതർ പറഞ്ഞത്. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമായ സാങ്നാൻ പ്രവിശ്യ ആണെന്നായിരുന്നു ചൈനയുടെ വാദം.
സംഭവത്തിൽ ചൈനയുടെ വാദങ്ങൾ തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു ഇന്ത്യയുടെ പ്രതികരണം. 24 മണിക്കൂർ വരെ എല്ലാ രാജ്യക്കാർക്കും വിസ രഹിത ട്രാൻസിറ്റ് അനുവദിക്കുന്ന ചൈനയുടെ സ്വന്തം നിയമങ്ങളുടെ ലംഘനമാണിതെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും സാധാരണ നില കൈവരിക്കാൻ ശ്രമിക്കുന്നതിനിടെ ചൈനയുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം പ്രവർത്തനങ്ങൾ അനാവശ്യ തടസങ്ങളുണ്ടാക്കുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
പ്രാദേശിക അവകാശ വാദങ്ങളുടെ മറവിൽ ഇന്ത്യൻ പൗരന്മാരെ ഉപദ്രവിക്കുന്നത് അനുവദിക്കില്ലെന്നും ഇന്ത്യ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.