
എല്ലാ ഇന്ത്യക്കാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. മൂന്ന് കുട്ടികള്‍ വേണമെന്ന് പറയുന്നത് സ്ത്രീകള്‍ക്ക് മേല്‍ വലിയ ഭാരമായി മാറുമെന്നും ആളുകളുടെ കുടുംബ ജീവിതത്തിലേക്ക് കടന്നു കയറാന്‍ മോഹന്‍ ഭാഗവത് ആരാണെന്നും അസദുദ്ദീന്‍ ഒവൈസി ചോദിച്ചു.
'ആളുകളുടെ കുടുംബ ജീവിതത്തിലേക്ക് കടന്നു കയറാന്‍ നിങ്ങള്‍ ആരാണ്? ഓരോര്‍ത്തര്‍ക്കും വ്യത്യസ്തമായ മുന്‍ഗണനകള്‍ ഉണ്ടെന്നിരിക്കെ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് മേല്‍ മൂന്ന് കുട്ടികള്‍ എന്ന ഭാരം കയറ്റി വെക്കുന്നത് എന്തിനാണ്? ഇത് ആര്‍എസ്എസിന്റെ ക്ലാസിക്ക് ആയ ഇരട്ടത്താപ്പ് ആണിത്,' അസദുദ്ദീന്‍ ഒവൈസി പിടിഐയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ജനസംഖ്യയെ നിലനിര്‍ത്താന്‍ ഇന്ത്യന്‍ കുടുംബങ്ങളില്‍ മൂന്ന് കുട്ടികള്‍ വരെയെങ്കിലും വേണമെന്നായിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ ഭാഗവത് പറഞ്ഞത്. ഇന്ത്യയുടെ ശരാശരി ഫെര്‍ട്ടിലിറ്റി നിരക്ക് 2.1 ആണ്. നാം രണ്ട് നമുക്ക് രണ്ട് എന്ന ക്യാംപയിന് ശേഷം ഇനി അത് നാം രണ്ട് നമുക്ക് മൂന്ന് എന്നാക്കണം.
എന്നാല്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ ഒവൈസി തള്ളി. 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് മുസ്ലീം ജനസംഖ്യ നിരക്ക് കുറയുകയാണ്. ഹിന്ദുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലീങ്ങളില്‍ ജനസംഖ്യാ നിരക്ക് കൂടുതല്‍ ആണെന്നായിരുന്നു അന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ എല്ലാവര്‍ക്കും മൂന്ന് കുട്ടികള്‍ വേണമെന്ന് പറയുകയാണ് എന്നും ഒവൈസി വിമര്‍ശിച്ചു.
ആര്‍എസ്എസ് പിന്തുണയുള്ള സംഘടനകള്‍ എല്ലാം മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും മോദി ഭരണകാലത്ത് മുസ്ലീം വിദ്വേഷം സ്ഥാപന വല്‍ക്കരിക്കപ്പെട്ടുവെന്നും ഒവൈസി പറഞ്ഞു.