

ഗുജറാത്ത്: പ്രണയബന്ധത്തിലെ തർക്കത്തെ തുടർന്ന് ഗുജറാത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെ കൊലപ്പെടുത്തി മൃതദേഹം കാറിലിട്ട് കത്തിച്ച സംഭവത്തിൽ വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് സംഭവം. ചിത്തോഡ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ അശ്വിൻഭായ് തബിയാദാണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകയായ വനിതാ ഹെഡ് കോൺസ്റ്റബിൾ ആൽഫബെൻ കേലാസ്വയാണ് കേസിലെ മുഖ്യപ്രതി.
നവംബർ 10ന് ഭിലോഡ മേഖലയിലെ വിജനമായ സ്ഥലത്ത് പൂർണമായും കത്തിയ നിലയിൽ മാരുതി എർട്ടിഗ കാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാറിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ മനുഷ്യന്റെ അസ്ഥികൂടവും കണ്ടെത്തി. ആദ്യം അപകടമരണമായി രജിസ്റ്റർ ചെയ്ത കേസിൽ പിന്നീട് സഹോദരൻ സിദ്ധരാജ് തബിയാദിന്റെ പരാതിയിൽ നവംബർ 16ന് പൊലീസ് കൊലപാതകക്കേസ് രജിസ്റ്റർ ചെയ്തു.
അശ്വിനും മുഖ്യപ്രതി ആൽഫബെനും തമ്മിൽ പ്രണയബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ബന്ധം അവസാനിപ്പിക്കാൻ ആൽഫബെൻ ആഗ്രഹിച്ചിരുന്നെങ്കിലും അശ്വിൻ അതിന് തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
നവംബർ എട്ടിന് രാത്രിയാണ് ആൽഫബെൻ അശ്വിനെ ചിത്തോഡയിലെ തന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അവിടെ രാത്രി താമസിച്ച അശ്വിനെ ആൽഫബെൻ കൊലപ്പെടുത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്. പിറ്റേന്ന് രാവിലെ സഹോദരൻ കൽപേഷിനെ വിളിച്ചുവരുത്തി. ബന്ധുവായ പങ്കജ്കുമാറും ഇവർക്കൊപ്പം എത്തി. മൂന്നുപേരും ചേർന്ന് മൃതദേഹം ചാക്കിൽ പൊതിഞ്ഞ് വീട്ടിൽ ഒളിപ്പിച്ചു.
രാത്രിയോടെ കൽപേഷും സുഹൃത്തായ മനോജ്കുമാർ നിനാമയും വിജയനഗറിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം വാങ്ങി. മൃതദേഹം കാറിലേക്ക് മാറ്റിയശേഷം ഹത്മതി നദിക്ക് സമീപം എത്തിച്ചു. അവിടെവെച്ച് ആൽഫബെൻ, കൽപേഷ്, മനോജ് എന്നിവർ ചേർന്ന് മൃതദേഹത്തിലും കാറിലും പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ, സാങ്കേതിക പരിശോധനകൾ, രഹസ്യവിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കത്തിക്കരിഞ്ഞ അസ്ഥികൂടത്തിൽ നിന്നും അശ്വിന്റെ പിതാവിൽ നിന്നും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനയിൽ അസ്ഥികൂടം അശ്വിന്റേതാണെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിനിടെ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൽഫബെനെ ചോദ്യം ചെയ്തതോടെയാണ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ആൽഫബെൻ, സഹോദരൻ കൽപേഷ്, ബന്ധു പങ്കജ്കുമാർ, സുഹൃത്ത് മനോജ്കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം കടത്താൻ ഉപയോഗിച്ച മാരുതി ഈക്കോ വാഹനവും പിടിച്ചെടുത്തു.