

യുപി: അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ പ്രാഥമിക നടപടിയെടുത്ത് അധികൃതർ. പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ പുറത്താക്കി. എസ്ഐടി മൊഴിയെടുത്ത ജീവനക്കാർക്കെതിരെയാണ് നടപടി. പണം എണ്ണുന്ന മുറിയിലെ സിസിടിവി ക്യാമറകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. അതേ സമയം ക്ഷേത്ര ട്രസ്റ്റ് പിരിച്ച് വിടണമെനാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കർസേവകരുടെ സംഘടന കത്തയച്ചു. രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ധർമ്മസേനയാണ് കത്തയച്ചത്.
സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ കുരുങ്ങിയ നിലയിലാണ് അയോധ്യ രാമക്ഷേത്രം . കോടികളുടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം തുടരുന്നതിനിടെ സംഭാവനയായി ലഭിച്ച 60 കിലോ വെള്ളിക്കട്ടികളും കാണാനില്ലെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിന്റെ ഭാഗമായി പൂജാരിമാരുൾപ്പെടെ നിരവധി ജീവനക്കാരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിലൂടെ സത്യം ഉടൻ പുറത്ത് വരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിവാദം ശക്തമായ പശ്ചാത്തലത്തിൽ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം.
അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിക്കുന്ന സ്വർണം, വെള്ളി , വജ്രം അടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നുവെന്ന ആരോപണത്തിൽ എസ് ഐ ടി അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ പരാതി . പ്രാണ പ്രതിഷ്ഠാ സമയത്ത് ജുവല്ലേഴ്സ് അസോസിയേഷൻ സമർപ്പിച്ച 60 കിലോ വെള്ളിക്കട്ടികൾ ആണ് കാണാതായത് . ആരോപണം ഉയർന്നതിന് പിന്നാലെ എസ്ഐ ടി ക്ഷേത്രത്തിലെത്തി പരിശോധന നടത്തിയെങ്കിലും വെള്ളിക്കട്ടി സംഭാവനയായി ലഭിച്ചതിൻെറ രേഖകൾ കണ്ടെത്താനായില്ല .
എന്നാൽ സംഭാവന നൽകിയ സമയത്ത് രാമ ജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൽ നിന്ന് രസീത് കൈപ്പറ്റിയിരുന്നുവെന്നും ക്ഷേത്രത്തിലെ ചടങ്ങുകളിൽ ഒന്നും ഇവ പിന്നീട് കണ്ടിട്ടില്ലെന്നും ജൂവല്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കഴിഞ്ഞ ദിവസം യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാമക്ഷേത്രം സന്ദർശിച്ചിരുന്നു. എസ് ഐ ടി അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്നും അത് വരെ ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണങ്ങളിൽ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തതിൽ വിമർശനവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി . സർക്കാർ ആരെയാണ് സംരക്ഷിക്കുന്നതെന്ന് അരവിന്ദ് കെജ്‍രിവാൾ ചോദിച്ചു