

മുംബൈ: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ്റെ മുംബൈയിലെ വസതിയായ ജൽസയ്ക്ക് മുന്നിൽ വെടിവയ്പ്പിന് ആസൂത്രണം ചെയ്ത രണ്ട് പേർ ഇന്നലെ ഡൽഹി പൊലീസിൻ്റെ പിടിയിലായിരുന്നു. ലോറൻസ് ബിഷ്ണോയി സംഘാംഗങ്ങളായ രണ്ട് ഗുണ്ടകളാണ് വലയിലായത്. പഞ്ചാബിലെ ജലന്ധർ നിവാസിയായ വികാസ് താക്കൂർ എന്ന വിക്കി, പഞ്ചാബിലെ തന്നെ തരൺ തരൺ നിവാസിയായ ദീപക് സിംഗ് എന്ന ദീപ് എന്നിവരെയാണ് പൊലീസ് തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ പിടികൂടിയത്.
1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് മൊഴി നൽകിയതിന് ഡൽഹിയിലെ ഒരു വ്യവസായിയേയും ബോളിവുഡ് നടൻ അമിതാഭ് ബച്ചനേയും ആക്രമിക്കാൻ ഇരുവരും പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ഇന്നലെ രാത്രി സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അമിതാഭ് ബച്ചൻ സംഭവത്തോട് ആദ്യമായി പരസ്യ പ്രതികരണം നടത്തിയത്. "ബച്ച് ഗയേ (രക്ഷപ്പെട്ടു)" എന്ന് മാത്രമാണ് താരം എക്സിൽ കുറിച്ചത്.
രണ്ട് പ്രധാന ഷാർപ്പ് ഷൂട്ടർമാരെ പിടികൂടിയതോടെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അക്രമികളുടെ നിഗൂഢമായ രണ്ട് കൊലപാതക ഗൂഢാലോചനകളാണ് തകർത്തത്. ഒന്ന് ഡൽഹി ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ കൊള്ളയടിക്കാനും വെടിവയ്ക്കാനുമുള്ള ആദ്യ ശ്രമമായിരുന്നു. അതിൽ രണ്ടാമത്തേതായിരുന്നു മുംബൈയിലെ വസതിക്ക് മുന്നിൽ വച്ച് ബോളിവുഡ് സൂപ്പർസ്റ്റാറിനെ നേരെ വെടിയുതിർക്കാനുള്ള നീക്കം.
ഡൽഹിയിൽ വച്ച് ബിസിനസുകാരനെ വെടിവച്ചു കൊല്ലാനുള്ള ചുമതല വിക്കി എന്നറിയപ്പെടുന്ന വികാസ് താക്കൂറിനായിരുന്നു. കൊലപാതകം നടത്താനായി വിക്കി മുംബൈയിൽ നിന്ന് യാത്ര പുറപ്പെട്ടിരുന്നു. പദ്ധതി പ്രകാരം ദീപക് സിംഗ് പിന്നീട് അദ്ദേഹത്തോടൊപ്പം ചേരാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഒരു രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വികാസിനെയും തുടർന്ന് ദീപക്കിനെയും അറസ്റ്റ് ചെയ്തത്. അയാൾ മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ അമിതാഭ് ബച്ചന് നേരെ മൂന്ന് ബോംബ് ഭീഷണികളാണ് ഇ മെയിൽ വഴി വന്നത്. ഒക്ടോബർ 23നാണ് ആദ്യ ഭീഷണി വന്നത്. മേയർ റിതു താവ്‌ഡെയുടെ ഓഫീസിനും അമിതാഭ് ബച്ചന്റെ വസതിയായ ജൽസയ്ക്കും നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്.
നവംബർ 6ന് ജൽസ, ബോംബെ ഹൈക്കോടതി, ബിഎസ്ഇ എന്നിവയെ ലക്ഷ്യം വച്ചാണ് രണ്ടാമത്തെ ഭീഷണി ഇ മെയിൽ സന്ദേശം വന്നത്. ഖലിസ്ഥാനെക്കുറിച്ച് പരാമർശങ്ങൾ നടത്തിയ മെയിലിൽ, നവംബർ 27ന് മഹാലക്ഷ്മി റേസ് കോഴ്‌സ് പ്രദേശത്ത് വച്ച് ഗായകൻ ദിൽജിത് ദോസഞ്ജിൻ്റെ സംഗീത പരിപാടിക്കിടെ ആക്രമണം ഉണ്ടാകുമെന്നും അവകാശപ്പെട്ടു.
മൂന്നാമത്തെ ഭീഷണി നവംബർ 12നാണ് വന്നത്. ജൽസ, മുംബൈ വിമാനത്താവളം, മേയറുടെ ഓഫീസ്, നിരവധി ബാങ്കുകൾ എന്നിവ ലക്ഷ്യമാക്കിയാണ് സന്ദേശം വന്നത്. മൂന്ന് ഇ മെയിലുകളിലും പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളിലും നടത്തിയ തിരച്ചിലിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നിരുന്നാലും, മുംബൈ പൊലീസ് മുതിർന്ന അമിതാഭ് ബച്ചൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു. സുരക്ഷയ്ക്കായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. ബച്ചൻ്റെ ജുഹുവിലുള്ള ബംഗ്ലാവായ 'ജൽസ'യ്ക്ക് പുറത്ത് ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്.