ഡൽഹി: ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ സുരക്ഷ വർധിപ്പിക്കാൻ നിർദേശിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്). സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയുള്ള കാലയളവിൽ തീവ്രവാദ സംഘടനകളിൽ നിന്നും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പാക് ഭീകര സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിർദേശമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയുള്ള കാലയളവിൽ വിമാനത്താവളങ്ങളിൽ സാമൂഹിക വിരുദ്ധരിൽ നിന്നോ, തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നോ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സുരക്ഷാ ഏജൻസിക്ക് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എല്ലാ വിമാനത്താവളങ്ങളിലെയും, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, വ്യോമസേനാ സ്റ്റേഷനുകൾ, ഹെലിപാഡുകൾ തുടങ്ങിയ സിവിൽ ഏവിയേഷൻ ഇൻസ്റ്റാളേഷനുകളിലും സുരക്ഷാ നടപടികൾ വർധിപ്പിക്കാൻ ബിസിഎഎസ് നിർദേശം പുറപ്പെടുവിച്ചത്.
ലോക്കൽ പൊലീസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥർ, ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയ ഏജൻസികളുമായി നിരന്തരം ബന്ധപ്പെടാനും ബിസിഎഎസ് നിർദേശിച്ചിട്ടുണ്ട്. ലഭിക്കുന്ന എല്ലാവിധ വിവരങ്ങളും, മുന്നറിയിപ്പുകളും ഉടനടി അധികൃതരെ അറിയിക്കണമെന്നും ബിസിഎഎസ് കൂട്ടിച്ചേർത്തു.
ഇതിനൊപ്പം വിമാനത്താവളത്തിലെ എല്ലാ ജീവനക്കാരെയും, കോൺട്രാക്ടർമാരെയും, സന്ദർശകരെയും കൃത്യമായി പരിശോധിക്കണമെന്നും, കർശന ഐഡി പരിശോധനകൾ നടത്തണമെന്നും നിർദേശമുണ്ട്. കൂടാതെ എല്ലാ സിസിടിവി സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി, തുടർച്ചയായി നിരീക്ഷിക്കണമെന്നും സുരക്ഷാ ഏജൻസി അറിയിച്ചു.